മരണക്കളമായി കോഴിക്കോട്–കുറ്റ്യാടി റോഡ്; കണ്ണുതുറക്കാതെ അധികൃതർ
text_fieldsഅത്തോളി: അപകടമരണം തുടർക്കഥയാകുന്ന കോഴിക്കോട്- കുറ്റ്യാടി റൂട്ടിൽ ഇന്നലെ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവൻ. സ്കൂട്ടർ യാത്രികൻ തിരൂരങ്ങാടി മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെളിവള്ളി ദീപു എന്ന രദീപ് നായരാണ് (34) വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ കൂമുള്ളിക്ക് സമീപം ബസിടിച്ച് മരിച്ചത്. അപകടത്തെ തുടർന്ന് സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവിന്റെ തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
രണ്ടാഴ്ച മുമ്പ് അത്തോളി കുനിയിൽ കടവ് ജങ്ഷന് സമീപം കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിടിച്ച് ഒരാൾ മരിച്ചിരുന്നു. കാൽനടക്കാരനായ കുനിയിൽ കടവ് കണിയാർ വയൽ വീട്ടിൽ ഇമ്പിച്ചി മമ്മുവാണ് (85) മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 14ന് ഉച്ചക്ക് രണ്ടുമണിയോടെ അത്തോളി കോളിയോട്ട് താഴം അങ്ങാടിയിൽ ഉണ്ടായ ബസ് അപകടത്തിൽ 60 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്ന ബസുകൾ ഇവിടെ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. ആറുമാസം മുമ്പ് ഇന്നലെ അപകടം നടന്നതിന് സമീപം ബസിടിച്ച് ബൈക്ക് യാത്രികനായ കോതങ്കൽ സ്വദേശി മജേഷ് മരിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി ജീവനുകളാണ് അപകടങ്ങളിൽ പൊലിഞ്ഞത്. സ്വകാര്യ ബസുകളാണ് കൂടുതൽ അപകടങ്ങളും വരുത്തിവെക്കുന്നത്.
ഇരുചക്ര വാഹന യാത്രികരുടെ പേടിസ്വപ്നമായി ഈ റൂട്ട് മാറിയിട്ടുണ്ട്. അതേസമയം നിരന്തരമായ പ്രതിഷേധങ്ങളും പരാതികളും ഉണ്ടായിട്ടും നിയമലംഘനങ്ങൾക്കെതിരെയോ അമിത വേഗതക്കെതിരെയോ ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയും ഓട്ടോമാറ്റിക് ഡോർ തുറന്നിട്ടുമൊക്കെ ചീറിപ്പായുന്ന സ്വകാര്യ ബസുകൾ ഈ റൂട്ടിലെ സ്ഥിരം കാഴ്ചയാണ്.
ഉള്ള്യേരിക്കും അത്തോളിക്കും ഇടയിൽ റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഇതുവഴി വാഹനങ്ങൾ ചീറിപ്പായുന്ന സാഹചര്യവും നിലവിലുണ്ട്.
കൂമുള്ളി പാൽ സൊസൈറ്റിക്ക് സമീപത്തെ വളവിലാണ് ഇന്നലെ അപകടം ഉണ്ടായത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിൽ മോട്ടോർവാഹന വകുപ്പും പൊലീസും കാണിക്കുന്ന നിസ്സംഗതക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.