പെൻഷൻ മുടങ്ങിയ സംഭവത്തിൽ ക്ലർക്കിനെതിരെ നടപടിക്ക് ശിപാർശ
text_fieldsഅത്തോളി: പുനർവിവാഹിതരായിട്ടില്ല എന്ന സാക്ഷ്യപത്രം യഥാസമയത്ത് അപ്ലോഡ് ചെയ്യാത്തതിനാൽ 261 പേർക്ക് വിധവ പെൻഷൻ ലഭിക്കാതായ സംഭവത്തിൽ കുറ്റക്കാരനായ സെക്ഷൻ ക്ലാർക്കിനെതിരെ ശിക്ഷാ നടപടിക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ശിപാർശ. ജൂലൈ മാസത്തെ വിധവാ പെൻഷൻ കുടിശ്ശിക നവംബറിൽ ലഭിച്ചതോടെയാണ് 261 പേർക്ക് പെൻഷൻ ഇല്ല എന്നത് പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഇതിൽ വിശദീകരണം തേടിയിരുന്നതായും ഇയാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് ജോയന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടതായും പ്രസിഡന്റ് ബിന്ദു രാജൻ അറിയിച്ചു.
ഈ ജീവനക്കാരൻ ജോലിയിൽ കാണിക്കുന്ന അലംഭാവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒക്ടോബർ നാലിന് സ്റ്റാഫ് യോഗം വിളിച്ച് ഇയാളെ നിലവിലെ ചുമതലയിൽ നിന്നും മാറ്റാൻ ഭരണസമിതി ആവശ്യപ്പെടുകയും തുടർന്ന് ഒക്ടോബർ ഏഴിന് ഇയാളുടെ ചുമതല മാറ്റി പകരം ആളെ വെക്കുകയും ചെയ്തിരുന്നു. പെൻഷൻ കിട്ടാത്തവരുടെ കുടിശ്ശിക അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും, അത് അനുവദിക്കാത്ത പക്ഷം പെൻഷൻ നഷ്ടപ്പെട്ടവർക്ക് പഞ്ചായത്ത് ഫണ്ടിൽനിന്നും പെൻഷൻ നൽകാൻ സർക്കാർ അനുമതി തേടുമെന്നും പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.