സദാചാരസംഘത്തിന്റെ ആക്രമണം; വിദ്യാർഥി പിടിയിൽ
text_fieldsനാദാപുരം: പേരോട് വീട്ടിൽ അതിക്രമിച്ചുകയറി സദാചാരഗുണ്ട ആക്രമണം നടത്തിയ കേസിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. പേരോട് സ്വദേശിയും യുവതിയുടെ അയൽവാസിയുമായ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയാണ് പിടിയിലായത്. പൊലീസ് പിടിയിലായ വിദ്യാർഥിയെ വീട്ടുകാരി തിരിച്ചറിഞ്ഞതായാണ് സൂചന.
കേസിലെ പ്രതികളെ പിടികൂടാനായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നാദാപുരം എസ്.ഐയുടെ കീഴിൽ വനിത പൊലീസുകാർ ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ അടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് പേരോട് സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ പ്രദേശവാസികളായ 20ഓളം പേർ മാരകായുധങ്ങളുമായി വീട് കയറി ആക്രമിച്ച് ഗുരുതര പരിക്കേൽപിച്ചത്.
സംഭവത്തിൽ 20 പേർക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥി ഉൾപ്പെടെ രണ്ട് പ്രതികളെ മാത്രമാണ് പിടികൂടാനായത്. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പ്രധാന പ്രതി രാജ്യം വിട്ടതും പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് മടികാണിക്കുന്നെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് എസ്.പി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. പ്രതികൾക്കായി ഇവരുടെ വീടുകളിലും ബന്ധുവീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവാക്കളുടെ കൂട്ട ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ കൂത്തുപറമ്പ് സ്വദേശി വിശാഖ് വിനയൻ (29) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാദാപുരം എസ്.എച്ച്.ഒ ഇ.വി. ഫായിസ് അലിയാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.