മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്കുനേരെ പീഡനശ്രമം: പൊലീസ് നടപടി വിവാദമാകുന്നു
text_fieldsകോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ താൽക്കാലിക ജീവനക്കാരനെ രക്ഷപ്പെടാൻ അനുവദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധം. ആരോപിതനായ സി.പി.എം കക്കോടി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം തെക്കണ്ണിത്താഴം നന്ദു സോനുവിനെ രക്ഷപ്പെടുത്താൻ പൊലീസിലും മാനസികാരോഗ്യ കേന്ദ്രത്തിലെ അധികൃതരിലും ഉന്നതർ സമ്മർദം ചെലുത്തുന്നതായ പരാതിക്കിടെയാണ് പൊലീസ് വിട്ടയച്ച നടപടി വിവാദമാകുന്നത്.
പരാതിയെത്തുടർന്ന് രണ്ടുതവണ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ, അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. മുൻ ഡി.വൈ.എഫ്.ഐ ജില്ല ഭാരവാഹിയും പ്രാദേശിക നേതാവും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സംഭവം സംബന്ധിച്ച് സംഘടന നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. യൂനിയൻ അധികൃതർ ആശുപത്രി മേധാവിയുമായി വാഗ്വാദമുണ്ടാക്കുകയും ചെയ്തു. ഒളിവിലായ പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ്.
ഇരുപതുകാരിയെയാണ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. മേയ് ഒന്നിനാണ് സംഭവം. വാട്ടർ ടാങ്കിലേക്ക് വെള്ളമടിക്കാൻ ചുമതലയുള്ള ആരോപിതനെ പ്ലംബിങ് ജോലിക്ക് ചുമതലപ്പെടുത്തിയ ആശുപത്രി അധികൃതരുടെ നടപടിയും വിവാദമായിട്ടുണ്ട്.
ആരോപിതനെതിരെ ഇതുവരെ സ്വഭാവദൂഷ്യമുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പരാതിയിൽ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നുമാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംഭവത്തെക്കുറിച്ച് പെൺകുട്ടി സുരക്ഷ ജീവനക്കാരികളോട് പറഞ്ഞതോടെ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
അധികൃതരുടെ പരാതിയെതുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാർഡിലെയും ആശുപത്രിയിലെയും കാമറകൾ ചൊവ്വാഴ്ച പരിശോധിച്ചു. സുരക്ഷപ്രശ്നങ്ങളുള്ളതിനാൽ സ്ത്രീകളുടെ വാർഡിലേക്ക് ജോലിക്ക് നിയോഗിക്കുന്നതിന് മാനദണ്ഡങ്ങൾ പാലിക്കണമെന്നും കർശന നിർദേശമുണ്ടായാൽ സ്വീകരിക്കില്ലെന്നും പുരുഷ ജോലിക്കാർ സൂപ്രണ്ടിനെ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.