കലക്ടറേറ്റിൽ തട്ടിപ്പിന് ശ്രമം: യുവതിക്കെതിരെ അന്വേഷണമാരംഭിച്ചു
text_fieldsസാമ്പത്തിക തട്ടിപ്പിൽ പരാതി ലഭിച്ചില്ലെന്ന് പൊലീസ്
കോഴിക്കോട്: കലക്ടറേറ്റിലെ എ.ഡി.എമ്മിന്റെ ഓഫിസും സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാലുശ്ശേരി സ്വദേശിനി സ്മിതക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എ.ഡി.എം സി. മുഹമ്മദ് റഫീഖിന്റെ പരാതിയിൽ വ്യാഴാഴ്ചയാണ് ഇവർക്കെതിരെ കേസെടുത്തത്.
യുവതി സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് മൂന്നരലക്ഷം തട്ടിയതായി പരാതി ഉയർന്നിരുന്നു. കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശി ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയത്. എന്നാൽ, യുവാവ് പരാതി നൽകാൻ കൂട്ടാക്കിയിട്ടില്ല. അതിനാൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് പൊലീസ് കടന്നിട്ടില്ല. യുവതിക്കെതിരെ നേരത്തെയും ആരോപണങ്ങളുയർന്നതായി പറയുന്നുണ്ടെങ്കിലും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് എ.ഡി.എം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും നടക്കാവ് സി.ഐ പറഞ്ഞു.
നേരത്തേ പണം കൈപ്പറ്റിയ യുവതി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വ്യാഴാഴ്ച കലക്ടറേറ്റിലെത്താൻ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവാവും മാതാവും കലക്ടറേറ്റിലെത്തി. ഈ സമയം യുവതി ഒരു ഫയലുമായി ഓഫിസിൽ കയറിയിറങ്ങുകയും ഉടൻ ഇന്റർവ്യൂ നടക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, ഓഫിസിലെ ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതോടെയാണ് കബളിപ്പിക്കലടക്കം പുറത്തുവന്നതും പൊലീസിൽ പരാതി നൽകിയതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.