കോതിയിൽ വിഴിഞ്ഞമുണ്ടാക്കാൻ ശ്രമം-പി. മോഹനൻ
text_fieldsകോഴിക്കോട്: വിഴിഞ്ഞം സമരം പോലെയാണ് കോതിയിലുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ. കോതി മലിനജല സംസ്‌കരണ പ്ലാന്റ് പ്രതിഷേധത്തെതുടർന്ന് പള്ളിക്കണ്ടിയിൽ സി.പി.എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റൊരു വിഴിഞ്ഞമുണ്ടാക്കാനാണ് യു.ഡി.എഫും വികസനവിരുദ്ധരും ആഗ്രഹിക്കുന്നതെങ്കിൽ ജനങ്ങളോട് തുറന്നുപറയണം. വിഴിഞ്ഞം സമരത്തിന് പിന്നിലുള്ള താൽപര്യം കോതിയിലുമുണ്ട്. അവിടെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന കാര്യം വെളിച്ചത്തായി. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് തുടങ്ങിയതാണ് വിഴിഞ്ഞം പദ്ധതി. അതേപോലെ മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കോർപറേഷൻ വിളിച്ച യോഗത്തിൽ ലീഗും കോൺഗ്രസും അനുകൂല നിലപാടെടുത്തു.
എം.കെ. മുനീർ എം.എൽ.എയും എം.കെ. രാഘവൻ എം.പിയുമടക്കം ഇപ്പോൾ നിലപാട് മാറ്റി. 60 ലക്ഷം ലിറ്റർ വെള്ളം 48 കി.മീ. നീളത്തിൽ കുഴലിട്ട് കൊണ്ടുവരുന്നതിനെ ലോറിയിൽ മാലിന്യം എത്തിക്കുന്ന പദ്ധതിയെന്ന് പറഞ്ഞ് പറ്റിക്കുകയാണ്.
നഗരത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് കോതിയും ആവിക്കൽ തോടും. ഇവിടങ്ങളിലെ കിണർവെള്ളത്തിൽ 80 ശതമാനം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണ് പദ്ധതി നടപ്പാക്കാൻ ഈ പ്രദേശങ്ങൾ തിരഞ്ഞെടുത്തത്.
കോർപറേഷനും ഇടതുമുന്നണിയും തുറന്ന മനസ്സോടെ കാര്യങ്ങൾ കേട്ട് ജനങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ, കൗൺസിലർ പി. ബിജുലാൽ, ടി. ദാസൻ, ബാബു പറശ്ശേരി, കെ. ബൈജു, നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. എൽ. രമേശൻ അധ്യക്ഷത വഹിച്ചു. അഷ്റഫ് സ്വാഗതം പറഞ്ഞു.
നാളെ കോർപറേഷൻ ഓഫിസ് ഉപരോധം
കോഴിക്കോട്: ജനവാസ മേഖലയിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പള്ളിക്കണ്ടി കോതിയിലെയും ആവിക്കൽ തോടിലെയും ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ കോഴിക്കോട് കോർപറേഷൻ ഓഫിസ് വളഞ്ഞ് ഉപരോധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വനിതകൾ ഉൾപ്പെടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബീച്ച് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ബീച്ച് ഓപൺ സ്റ്റേജിന് മുൻവശത്തുനിന്നും രണ്ട് പ്രകടനങ്ങളായി കോർപറേഷൻ ഓഫിസ് പരിസരത്തേക്ക് എത്തിച്ചേരുമെന്നും എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.