മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഹാജർ ബയോമെട്രിക് സംവിധാനത്തിലേക്ക്
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിൽ നിലവിലുണ്ടായിരുന്ന ഹാജർ സംവിധാനങ്ങൾ സംബന്ധിച്ച ഉത്തരവുകൾ അസാധുവാക്കി പുതിയ നിർദേശങ്ങൾ. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക്ക് ബന്ധിത ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഴയ ഉത്തരവുകൾ അസാധുവാക്കിയത്.
മോട്ടോർ വാഹന വകുപ്പിൽ ബയോമെട്രിക് ഹാജർ സംവിധാനം 2012ൽ നടപ്പാക്കിയിരുന്നു. മേഖല ഓഫിസുകളിൽ തുടങ്ങി പിന്നീട് എല്ലാ ഓഫിസുകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും സ്പാർക്ക് ബന്ധിതമായിരുന്നില്ല.
മോട്ടോർ വാഹന വകുപ്പിലെ ഹാജർ സംവിധാനം രേഖപ്പെടുത്തുന്നതിന് http://klmvd.attendance.gov.in എന്ന വെബ്സൈറ്റ് തയാറാക്കി മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ഹാജർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. എല്ലാ ഓഫിസ് മേധാവികളും അവരവരുടെ ഓഫിസിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
ഡ്രൈവർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നീ തസ്തികകളിലെ ഉദ്യോഗസ്ഥർ, സർക്കാർ ഉത്തരവ് പ്രകാരം ഇളവ് നേടിയിട്ടുള്ള 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർ എന്നിവരെ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഓഫിസ് സമയങ്ങളിൽ പുറത്ത് പ്രവർത്തിക്കേണ്ടതിനാലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവരെ ബയോമെട്രിക് ഹാജർ സംവിധാനത്തിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥർ ഡ്യൂട്ടിസമയം ഓഫിസിൽ അല്ലെങ്കിൽ ഫീൽഡിൽ ഉണ്ടെന്ന് മേലുദ്യോഗസ്ഥൻ ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.