സൗത്ത് ബീച്ചിലെ കെട്ടിടത്തിന് പെർമിറ്റ് നൽകിയതിൽ തടസ്സമുന്നയിച്ച് ഓഡിറ്റ് റിപ്പോർട്ട്
text_fieldsകോഴിക്കോട്: ചട്ടം ലംഘിച്ചുള്ള സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്റെ സ്ഥലത്തെ വിവാദ കെട്ടിടം റെഗുലറൈസ് ചെയ്ത് പെർമിറ്റ് നൽകിയതിൽ അപാകതയുള്ളതായി നഗരസഭ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശം. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ നഗരസഭ ഓഡിറ്റ് കാര്യാലയം തയാറാക്കിയ 2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ബീച്ചിലെ സ്ഥലപരിശോധന റിപ്പോർട്ടിൽ കെട്ടിടത്തിന്റെ വിശദവിവരം ഉൾപ്പെടുത്തിയില്ലെന്ന് ഓഡിറ്റിൽ കണ്ടെത്തി.
പെർമിറ്റിനുള്ള അപേക്ഷയിൽ കെട്ടിട ഉടമ ഒപ്പുവെച്ചിട്ടില്ല. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ലാതെയാണ് പെർമിറ്റ് നൽകിയതെന്നും കണ്ടെത്തി. കോർപറേഷൻ ബജറ്റിന് യഥാർഥ വരവുചെലവുകളുമായി വളരെ അന്തരമുണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. സർക്കാറിൽനിന്ന് ലഭിച്ച ഫണ്ടിനത്തിൽ 63.59 ശതമാനം മാത്രമേ സാമ്പത്തിക വർഷം ചെലവാക്കാനായുള്ളൂ.
നഷ്ടപ്പെട്ട തുകയിൽ ഭൂരിഭാഗവും എൻജിനീയറിങ് വിഭാഗം പദ്ധതികൾക്കായി വകയിരുത്തിയതാണ്. ടെൻഡർ നടപടികൾ നടത്തി പ്രവൃത്തി ആരംഭിച്ചശേഷം മിക്കയിനത്തിനും റിവൈസ്ഡ് എസ്റ്റിമേറ്റ് തയാറാക്കേണ്ടിവരുന്നത് എൻജിനീയറിങ് വിഭാഗത്തിന് അധികജോലിയുണ്ടാക്കുന്നു.
ഇത് സൈറ്റ് പരിശോധനയടക്കം ഗുണനിലവാരം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തടസ്സമാവുന്നു. പദ്ധതികൾ ആവിഷ്കരിച്ച് ഫണ്ടില്ലാതെ വരുമ്പോൾ നാമമാത്ര തുക വകയിരുത്തി റിവൈസ് ചെയ്യുന്ന പ്രവണത വർധിക്കുന്നു. എൻ.പി. മുഹമ്മദിനും യു.എ. ഖാദറിനും സ്മാരകം പണിയാനുള്ള സ്ഥലം കണ്ടുപിടിക്കാൻ മാത്രമായി തുക വകയിരുത്തിയത് ഉദാഹരണമാണ്.
ഇതിന് പകരം അടിസ്ഥാന സൗകര്യമുറപ്പാക്കിയ ശേഷമേ പദ്ധതികൾ നടപ്പാക്കാനാവൂവെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സർക്കാർ പണം കിട്ടാൻ കാലതാമസമുണ്ടെന്നതിനാൽ കരാറുകാർ പ്രവൃത്തിയേറ്റെടുക്കാതിരിക്കുന്ന പ്രവണത കൂടുന്നു. കോടിക്കണക്കിന് രൂപ കുടുംബശ്രീ വിഭാഗത്തിന് കീഴിൽ ബാങ്ക് അക്കൗണ്ടിൽ ചെലവഴിക്കാതെ കിടക്കുന്നു. ഇത് ബാങ്ക് ജീവനക്കാരൻ ദുരുപയോഗം ചെയ്യുന്ന പ്രവണതയുണ്ടായി.
അതിനാൽ അവശേഷിക്കുന്ന തുകകൾ തിരികെ അടവാക്കാൻ നടപടി വേണം. നഗരസഭയിൽ പിരിവ് നടത്തിയ ഇനത്തിൽ പണം തിരിച്ചടക്കാതെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നികുതി പിരിവ് ഉദ്യോഗസ്ഥരെ മറ്റു ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് നികുതി പിരിവ് ഗണ്യമായി കുറയാനിടയാക്കി. ഓഡിറ്റ് തടസ്സങ്ങൾക്ക് മറുപടി കിട്ടാത്ത പ്രശ്നമുണ്ട്. ബിൽ കലക്ടർമാർ രസീത് ബുക്കുകൾ ഓഡിറ്റിങ്ങിന് ഹാജരാക്കുന്നില്ല.
വസ്തു നികുതി കുടിശ്ശിക പലതും ഈടാക്കിയിട്ടില്ല. മൊബൈൽ ടവറുകളുടെ വസ്തു നികുതി പരിഷ്കരണം പൂർത്തിയാക്കാത്തതിനാൽ കുടിശ്ശിക കൂടുന്നു. നഗരസഭ കെട്ടിടം, ബാങ്കുകൾ എന്നിവയിൽനിന്ന് ലൈസൻസ് ഫീസ് പിരിക്കുന്നതിൽ അപാകതയുണ്ട്. വിനോദ നികുതി ഈടാക്കുന്നതിൽ കൃത്യത ഉറപ്പാക്കുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.