ശ്മശാനങ്ങളിൽ തിരക്കേറി ആശങ്കപ്പെടാനില്ലെന്ന് അധികൃതർ
text_fieldsകോഴിക്കോട്: കോവിഡ് മരണങ്ങൾ വർധിച്ചതോടെ കോഴിക്കോട്ടെ ശ്മശാനങ്ങളിലും തിരക്കേറി. നഗരത്തിൽ ദിവസം 19 കോവിഡ് മൃതദേഹങ്ങൾവരെ എത്തുന്നതായി നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ദിനേന 15നും 19നും ഇടയിൽ കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് ദഹിപ്പിക്കാനായി എത്തുന്നത്.
നേരത്തേ എട്ട് മൃതദേഹങ്ങൾ വരെയാണ് വന്നിരുന്നത്. ഖബറടക്കം നടത്തിയ മൃതദേഹങ്ങൾ ഇതിന് പുറമെയാണ്. നിലവിലുള്ള സാഹചര്യത്തിൽ 20 മൃതദേഹങ്ങൾ വരെ ദഹിപ്പിക്കാനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, തുടർച്ചയായി ജോലിചെയ്യുന്ന തൊഴിലാളികളുടെയും മറ്റും മാനസിക–ശാശീരിക ബുദ്ധിമുട്ട് പ്രശ്നമാണ്.
നഗരത്തിൽ വെസ്റ്റ്ഹിൽ, മാവൂർ റോഡ്, പുതിയപാലം, മാനാരി, മാങ്കാവ്, ഗോതീശ്വരം, നല്ലളം എന്നിവിടങ്ങളിലാണ് പൊതുശ്മശാനങ്ങളുള്ളത്. ഇതിൽ വെസ്റ്റ്ഹിൽ, ഗോതീശ്വരം, മാവൂർ റോഡ് എന്നിവിടങ്ങളിലാണ് കോവിഡ് മൃതദേഹങ്ങൾ സംസ്കരിക്കുന്നത്്. കണ്ണമ്പറമ്പ് അടക്കം ഖബറിടങ്ങളിലും കോവിഡ് മൃതദേഹങ്ങൾ മറമാടുന്നു.
മാവൂർ റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പരമ്പരാഗത രീതിയിലുള്ള ദഹിപ്പിക്കൽ നടക്കുന്നില്ല. വൈദ്യുതിശ്മശാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. വെസ്റ്റഹില്ലിൽ തിരക്ക് കൂടാൻ ഇത് പ്രധാന കാരണമാണ്. മാവൂർ വൈദ്യുതി ശ്മശാനം ഒരെണ്ണം മാത്രമാണ്. ഇവിടെ ഒരു മൃതദേഹം സംസ്കരിച്ച് കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ മറ്റൊന്ന് എടുക്കാനാവൂവെന്നതും തിരക്കിന് കാരണമാണ്.
നഗരത്തിന് പുറത്തുനിന്ന് വരുന്ന മൃതദേഹങ്ങളും ഏറിവരുന്നു. കുഴഞ്ഞുവീണും മറ്റ് അസുഖങ്ങൾക്ക് ചികിത്സതേടുകയും ചെയ്ത് മരണശേഷം കോവിഡ് േപാസിറ്റിവായവരുടെ എണ്ണവും കൂടിവരുന്നു.
മാവൂർ റോഡിൽ പരമ്പരാഗത സംസ്കാരം നടത്താനാവാത്തതിനാൽ പുതിയ പാലം ശ്മശാനത്തിൽ ദിവസം അഞ്ച് മൃതദേഹങ്ങൾ വരെ എത്താൻ തുടങ്ങിയിട്ടുണ്ട്. വിവിധ ശ്മശാനങ്ങളിൽ ഗ്യാസിൽ ദഹിപ്പിക്കാൻ സൗകര്യം ഒരുക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.