ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsകോഴിക്കോട്: നഗരത്തിലെ പുതിയപാലം പള്ളിക്ക് സമീപം നമസ്കരിക്കാൻ പോയ ഡ്രൈവറുടെ ഓട്ടോറിക്ഷ മോഷണം നടത്തിയ അന്തർ സംസ്ഥാന യുവാവ് പിടിയിൽ. ഉത്തർപ്രദേശ് ലഖ്നോ സ്വദേശി രാഹുൽകുമാറിനെയാണ് (24) ടൗൺ അസിസ്റ്റന്റ് കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ കെ. വിനോദന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും പാളയത്തുള്ള താമസസ്ഥലത്തുനിന്ന് പിടികൂടിയത്. ഓട്ടോറിക്ഷ കണ്ടെടുത്തു.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ നിർദേശപ്രകാരം കഴിഞ്ഞ 10 ദിവസമായി പ്രതിയെയും ഓട്ടോറിക്ഷയും കണ്ടെത്തുന്നതിന് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പിടിയിലാവുന്നത്. അമ്പതോളം സി.സി.ടി.വി വിഷ്വലുകള്‍ പരിശോധിച്ചും സമാനമായ കുറ്റകൃത്യങ്ങളില്‍പ്പെട്ട നിരവധി ആളുകളെ നേരില്‍ക്കണ്ട് അന്വേഷണം നടത്തിയും പ്രതിയിലേക്ക് എത്തുകയായിരുന്നു.
വിശദമായി ചോദ്യം ചെയ്തതില്‍ പാളയത്തിനു പിറകിലുള്ള സി.പി ബസാർ റോഡിൽ ആളൊഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ച നിലയില്‍ ഓട്ടോ കണ്ടെത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സബ് ഇൻസ്പെക്ടർ എം.കെ. റസാഖ് അറസ്റ്റിന് നേതൃത്വം നൽകി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, കസബ സ്റ്റേഷനിലെ സിനിയർ സിവിൽ പൊലീസ് ഓഫിസറായ പി. സജേഷ് കുമാർ, സിവിൽ ഓഫിസര്‍മാരായ യു. അർജുൻ, മുഹമ്മദ് സക്കറിയ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.