ആവിക്കൽ: പ്രതിഷേധങ്ങൾക്കിടെ മലിനജല പ്ലാന്‍റുകൾ പണിയാനുള്ള കാലാവധി തീരുന്നു
text_fieldsകോഴിക്കോട്: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള അമൃത് പദ്ധതിയിലുള്ള ആവിക്കലിലെയും കോതിയിലെയും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്‍റെ പ്രാരംഭ പ്രവൃത്തിപോലും പ്രതിഷേധത്തെ തുടർന്ന് തുടങ്ങാൻ സാധിച്ചിട്ടില്ല. 139.5 കോടിയുടെ പദ്ധതികൾ നഗരത്തിൽ നടപ്പാക്കേണ്ട കാലാവധി അടുത്ത മാർച്ചിൽ അവസാനിക്കാനിരിക്കെയാണിത്.
തുക വകയിരുത്തിയ പദ്ധതികൾ നടപ്പാക്കാനായില്ലെങ്കിൽ അമൃതിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മറ്റ് വികസന പദ്ധതികൾക്ക് അത് തടസ്സങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
സമരം ശക്തമാക്കാനുള്ള പരിസരവാസികളുടെ തീരുമാനത്തിന് ശക്തിപകരാൻ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കർ കഴിഞ്ഞ ദിവസം ആവിക്കലിലെത്തിയിരുന്നു. പദ്ധതി തുടങ്ങാൻ അഞ്ചുമാസം മാത്രമേയുള്ളൂവെങ്കിലും മാലിന്യ പ്ലാന്‍റ് പണിക്കായി കാര്യമായൊന്നും ചെയ്യാനായിട്ടില്ല.
പ്ലാന്റുകൾ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കാനായില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥവരാനുമിടയുണ്ട്. അതിനിടെ അമൃത് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തിയ സരോവരത്തെ മലിന ജല സംസ്‌കരണ പ്ലാന്‍റ് നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ കോർപറേഷൻ തുടങ്ങിയിട്ടുണ്ട്.
നേരത്തേ കെ.എസ്.യു.ഡി.പി (സുസ്ഥിര നഗര വികസന പദ്ധതി) യിൽ തുടങ്ങിവെച്ച പദ്ധതിയുടെ പൈപ്പുകളടക്കം സൗകര്യങ്ങൾകൂടി ഉപയോഗപ്പെടുത്തി കൂടുതൽ വിപുലീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആവിക്കൽ തോട്, കോതി സീവറേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് പ്രവൃത്തി നടപ്പാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു മുന്നോട്ടുപോയെങ്കിലും പിന്നീട് ജനങ്ങൾക്കുണ്ടായ ആശങ്കയകറ്റാൻ അധികൃതർക്ക് കഴിഞ്ഞില്ല.
യു.ഡി.എഫിന്‍റെ പിന്തുണയോടെയാണ് ഇപ്പോൾ ആവിക്കൽ തോടിൽ സമരം മുന്നോട്ടുപോവുന്നത്. ജനുവരി 31ന് ആവിക്കലിൽ മണ്ണ്പരിശോധനക്കെത്തിയ സംഘത്തെ തടഞ്ഞായിരുന്നു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.