കോട്ടപ്പള്ളി പാലം നിർമാണത്തിന് 17.60 കോടി
text_fieldsആയഞ്ചേരി: കോവളം-ബേക്കൽ പശ്ചിമ തീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാൽ വികസനം പൂർത്തിയാകുന്നതിനായി കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ വടകര മാഹി കനാലിന് കുറുകെയുള്ള പ്രധാനപ്പെട്ട പാലമായ കോട്ടപ്പള്ളി പാലം പുനർ നിർമാണത്തിന് 17.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മത്കുട്ടി അറിയിച്ചു.
കനാലിനു കുറുകെ നിലവിലുള്ള എല്ലാ ചെറിയ പാലങ്ങളും ജലയാനങ്ങൾക്ക് കടന്നുപോകാനുതകുന്ന രീതിയിൽ സ്പാൻ കൂട്ടിയും ഉയർത്തിയും നിർമിക്കേണ്ടതുണ്ട്. ഇതിൽ രണ്ട് പാലങ്ങളുടെ നിർമാണം നേരത്തേ പൂർത്തിയായി. വെങ്ങോളി പാലത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചു. രണ്ടാമത്തെ ലോക് കം ബ്രിഡ്ജിന്റെ പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. നിർമിക്കാൻ ബാക്കിയുള്ള പാലങ്ങളിൽ പ്രധാനപ്പെട്ട പാലമാണ് വടകര മാഹി കനാലിന്റെ രണ്ടാം റീച്ചിലെ കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിലുള്ള കോട്ടപ്പള്ളി പാലം.
കോട്ടപ്പള്ളി ഭാഗത്ത് കനാൽ നിർമാണം പൂർത്തിയായെങ്കിലും നിലവിലുള്ള ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ പാലം പുനർനിർമിക്കാത്തതു കാരണം ജലഗതാഗതത്തിന് തടസ്സമായി നിൽക്കുകയാണ്. നിലവിലെ പാലത്തിന്റെ പില്ലറുകൾ കനാലിന് മധ്യഭാഗത്തായാണ് ഉള്ളത്. ഇവിടെ പുതിയ പാലം നിർമിക്കുന്നതിനായി 2022 ജൂണിൽ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിച്ചിരുന്നു.
ഭരണാനുമതി നൽകുന്നതിന്റെ ഭാഗമായി സി.ടി.ഇ വിശദ പരിശോധന നടത്തുകയും ഡി.പി.ആർ വീണ്ടും സമർപ്പിക്കാൻ ഇറിഗേഷൻ ഡിസൈൻ വിങ് ആയ ഐ.ഡി.ആർ.ബിയോട് നിർദേശിക്കുകയും ചെയ്തിരുന്നു. 2023 മാർച്ചിൽ വീണ്ടും അഡീഷനൽ സോയിൽ ഇൻവെസ്റ്റിഗേഷൻ നടത്തി റിപ്പോർട്ട് സമർപ്പിച്ചു. 2023 സെപ്റ്റംബറിൽ ഇതനുസരിച്ച് പുതിയ പാലത്തിന്റെ ഡിസൈൻ തയാറാക്കുകയും ഉൾനാടൻ ജലഗതാഗത വകുപ്പിന് 17.60 കോടി രൂപയുടെ പുതിയ ഡി.പി.ആർ ഭരണാനുമതിക്ക് സമർപ്പിക്കുകയും ചെയ്തു.
ദേശീയ ജലപാത മാനദണ്ഡങ്ങൾക്കനുസരിച്ച് ജലനിരപ്പിൽന്ന് ആറ് മീറ്റർ ഉയർത്തിയാണ് പാലം നിർമിക്കുക. നിലവിലെ പാലം പൊളിച്ചതിനുശേഷം, ആർച്ച് ബ്രിഡ്ജ് ആയിട്ടാണ് പുതിയ പാലത്തിന്റെ രൂപകൽപന. ഡൈവേർഷൻ റോഡ്, അപ്രോച്ച് റോഡ് എന്നിവയും പ്രവൃത്തിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കോട്ടപ്പള്ളി പാലത്തിനായുള്ള ദീർഘകാലത്തെ പരിശ്രമത്തിനാണ് അഗീകാരം ലഭിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. പാലം നിർമിക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ നേരിട്ട് കാണുകയും ഇൻലൻഡ് നാവിഗേഷൻ വിഭാഗം മേധാവി അരുൺ ജേക്കബുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തതിന്റെ ഫലമായിട്ടാണ് അനുമതി ലഭ്യമായതെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.