തൊട്ടിൽപാലത്ത് വൈക്കോൽ ലോറിക്ക് തീപിടിച്ചു വൈദ്യുതി ലൈനിൽ തട്ടിയാണ് തീപിടിത്തമുണ്ടായത്
text_fieldsകുറ്റ്യാടി: തൊട്ടിൽപാലം അങ്ങാടിയിൽ വൈക്കോൽ കയറ്റിയ ലോറിക്ക് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ബുധനാഴ്ച കാലത്താണ് പാലക്കാടുനിന്നും വൈക്കോൽ ലോഡുമായി വന്ന ലോറിക്ക് തീപിടിച്ചത്. സഹകരണ ബാങ്കിനും പൊലീസ് സ്റ്റേഷനും ഇടയിൽ വെച്ചാണ് തീപിടിത്തമുണ്ടായത്. അവസരോചിതമായി നാട്ടുകാരും അഗ്നിരക്ഷാസേനയും ജനകീയ ദുരന്തനിവാരണ സേനയും ഇടപെട്ടതിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.
ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തിൽ നാട്ടുകാരും ടാക്സി ഡ്രൈവർമാരും ചേർന്ന് വൈക്കോലിന്റെ കെട്ട് അറുത്തുമാറ്റുകയും ആളിക്കത്തുന്ന വൈക്കോൽ കെട്ടുകൾ മുകൾ റോഡിലേക്ക് വീഴ്ത്തുകയും ചെയ്തു.
ആത്മസംയമനം കൈവിടാതെ ലോറി ഡ്രൈവർ പഴയ ബിന്ദു ടാക്കീസിനടുത്തേക്ക് വണ്ടി മാറ്റി. തുടർന്ന് സപ്ലൈകോ മാർക്കറ്റിലെ ടാങ്കിൽ നിന്നുള്ള വെള്ളവും കാവിലുംപാറ പഞ്ചായത്തിന്റെ കുടിവെള്ള വിതരണ ലോറിയിൽ നിന്നുള്ള വെള്ളവുമുപയോഗിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. ലോറിയിലെ വൈക്കോൽക്കെട്ടുകൾ വീണ്ടും കത്താൻ തുടങ്ങിയത് അൽപനേരം ആശങ്കക്കിടയാക്കി. നാദാപുരത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
കുറ്റ്യാടി ജനകീയ ദുരന്ത നിവാരണസേന പ്രവർത്തകർ ഫയർഫോഴ്സിനൊപ്പം തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായതും തീ പെട്ടെന്ന് നിയന്ത്രണവിധേയമാക്കുന്നതിന് സഹായകരമായി. ചുരം ഡിവിഷൻ ഹെൽപ്കെയർ വാട്സ്ആപ് കൂട്ടായ്മ പ്രവർത്തകർ, വ്യാപാരികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
രക്ഷാപ്രവർത്തനത്തിനിടെ തൊട്ടിൽപാലത്തെ ചുമട്ടുതൊഴിലാളി കുന്നംപത്ത് നാസറിന് മുഖത്ത് മുറിവേറ്റു. വൈക്കോൽ മാറ്റാനുപയോഗിച്ച ഇരുമ്പ് തോട്ടി കൊണ്ടാണ് മുറിവേറ്റത്. നാസർ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയിലെ വൈക്കോൽ പൂർണമായും നശിച്ചു.
മലപ്പുറം ഐക്കരപ്പടി മുബാറക്ക് ഹൗസിൽ റഹീമിന്റെ ലോറിക്കാണ് തീപിടിച്ചത്. ലോറിക്കും ചെറിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. അഗ്നിരക്ഷാസേന സീനിയർ ഓഫിസർ എം. പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
സമാനരീതിയിൽ നരിപ്പറ്റ കൈവേലിയിലും വൈക്കോൽ ലോറിക്ക് തീപിടിച്ചിരുന്നു. സംസ്ഥാനപാതകളിൽ വൈദ്യുതി ലൈനുകൾ വാഹന ലോഡുകളിൽ തട്ടാത്തവിധം ഉയർത്തി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണ റോഡുകളിൽ താഴ്ന്ന നിലയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.