പക്ഷികളുടെ പറുദീസയായി ആയഞ്ചേരി കോൾ നിലം
text_fieldsആയഞ്ചേരി: ആയഞ്ചേരിയിലെ കോൾ നിലമെന്നറിയപ്പെടുന്ന തുരുത്തുകൾ പക്ഷികളുടെ പറുദീസയായി മാറുന്നു. തുലാവർഷത്തിലെ മഴ ഇടവിട്ട് ലഭ്യമായതോടെ വിശാലമായ നെൽപാടങ്ങളും തുരുത്തുകളും ചെറുതും വലുതുമായ പക്ഷികളുടെ സങ്കേതമായി. നെൽപാടങ്ങളിൽ കൃഷിയിറക്കാത്തത് കാരണം താമരയും ആമ്പലും മറ്റു ജലസസ്യങ്ങളും നിറഞ്ഞുകിടക്കുകയാണ്.
നെൽകൃഷി വികസനത്തിനായി ജില്ല പഞ്ചായത്ത് ആഴവും വീതിയും കൂട്ടി നവീകരിച്ച തോട്ടിൽ വർഷം മുഴുവൻ വെള്ളം ലഭിക്കുമെന്നുള്ളതും പക്ഷികളെ ആകർഷിക്കുന്നു. ആമ്പലും താമരയും നിറഞ്ഞ പാടങ്ങളിൽ നീലക്കോഴിയും താമരക്കോഴിയും പ്രജനനം നടത്താറുണ്ട്. ചതുപ്പുപാടങ്ങളിലെ മത്സ്യസമ്പത്തും നമിച്ചിപോലുള്ള ജലജന്തുക്കളും ദേശാടനപ്പക്ഷികളുടെ പ്രധാന തീറ്റയാണ്.
ചായമുണ്ടി, ചാരമുണ്ടി, ചേരാക്കൊക്ക്, കഷണ്ടിക്കൊക്ക് തുടങ്ങിയ വലിയ കൊക്കിനങ്ങൾക്കു പുറമെ ചേരക്കോഴി, നീർകാക്ക, എരണ്ടകൾ, ആളകൾ, തുടങ്ങിയ നീർപക്ഷികളും കുളക്കൊക്ക്, കാലിമുണ്ടി, പെരുമുണ്ടി എന്നീ കൊക്കിനങ്ങളും പുള്ളിമീൻകൊത്തി, മീൻ കൊത്തിച്ചാത്തൻ തുടങ്ങിയ മീൻ കൊത്തികളുടെയും ആവാസകേന്ദ്രമായി തീർന്നിരിക്കുകയാണ്.
തിത്തിരി പക്ഷികൾ, ശരപ്പക്ഷികൾ, വേലിത്തത്തകൾ എന്നിവയും കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത് എന്നീ പരുന്തിനങ്ങളുൾപ്പെടെ ഇരുപതിലധികം വർഗത്തിലുൾപ്പെട്ട പക്ഷികൾ ഇവിടെയെത്തുന്നുണ്ടെന്ന് പക്ഷിനിരീക്ഷണം നടത്തുന്ന അധ്യാപകനായ ആയഞ്ചേരിയിലെ ജി.കെ. പ്രശാന്ത് പറഞ്ഞു.
കൃഷി ചെയ്യാത്തതിനാൽ രാസവള പ്രയോഗവും കീടനാശിനിയുടെ ഉപയോഗവും നിലച്ചതോടെ പാടത്ത് നമിച്ചികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതുകാരണം ചേരാകൊക്കുകളുടെയും കഷണ്ടിക്കൊക്കുകളുടെയും വരവും ഗണ്യമായി ഉയർന്നു. നിരവധി ഔഷധസസ്യങ്ങളുടെ കലവറയായ പൊലതുരുത്ത് ഒരു പ്രത്യേക വിഭാഗക്കാരുടെ ആരാധനാകേന്ദ്രമായതിനാൽ ജൈവകലവറ സംരക്ഷിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.