ബ്ലേഡ് മാഫിയ കുടിയൊഴിപ്പിച്ച കുടുംബത്തിന് നീതി തേടി ജനകീയ സമരപ്പന്തൽ
text_fieldsആയഞ്ചേരി: 22 വർഷമായി താമസിച്ചുവരുന്ന വീട്ടിൽനിന്ന് ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും കോടതിവിധിയിലൂടെ ബ്ലേഡ് മാഫിയ കുടിയൊഴിപ്പിച്ചതിനെതിരെ ജനകീയ പ്രതിഷേധ സമരപ്പന്തൽ സ്ഥാപിച്ചു. കുടിയൊഴിപ്പിച്ച വള്ളിയാട് പുത്തൻപുരയിൽ പനക്കുള്ളതിൽ മായൻ കുട്ടിയുടെ വീടിനു മുന്നിൽ തിരുവള്ളൂർ, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും മറ്റു ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സമരപ്പന്തൽ നാട്ടി ഉദ്ഘാടനം ചെയ്തു.
സുപ്രീംകോടതിയിൽ കേസ് നിലവിലിരിക്കെ വൻ സ്വാധീനത്തിന്റെ പിൻബലത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് മറ്റൊരു അഭയമില്ലാത്ത നിലക്ക് നീതി കിട്ടുന്നതുവരെ സമരമുഖത്തുണ്ടാകുമെന്ന് നേതാക്കൾ പ്രഖ്യാപിച്ചു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി, ജനപ്രതിനിധികളായ ബവിത്ത് മലോൽ, പി. അബ്ദുറഹ്മാൻ, കെ. റഫീഖ്, സി. നബീല, എ. സുരേന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യൂസഫ് പള്ളിയത്ത്, അക്കരോൽ അബ്ദുല്ല, പനയുള്ളതിൽ അമ്മദ് ഹാജി, കെ.കെ. വിജയൻ, കെ. മൊയ്തീൻ, വി. രതീഷ്, പി.കെ. രാജീവൻ, സുരേഷ്, നവാസ് കണ്ണാടി, ശൗക്കത്ത് അടുവാട്ടിൽ എന്നിവർ സംബന്ധിച്ചു. പ്രശ്നപരിഹാരമാകുന്നതുവരെ സമരപരിപാടികളുമായി ജനകീയ സമരസമിതി മുന്നോട്ടുപോകുമെന്ന് ഭാരവാഹികളായ എം.സി. അഷ്റഫും ഇ.പി. മൂസയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.