കെ. അബൂബക്കർ മാസ്റ്റർ വിരമിക്കുന്നു
text_fieldsആയഞ്ചേരി: എഴുത്തുകാരനും പ്രഭാഷകനും മാപ്പിളപ്പാട്ട് ഗവേഷകനുമായ കെ. അബൂബക്കർ മാസ്റ്റർ അധ്യാപന ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു. കൊടുവള്ളി കത്തറമ്മൽ സ്വദേശിയായ അദ്ദേഹം വടകര, കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്നത്.
കുട്ടികളിലെ സർഗാത്മക ശേഷികൾ വികസിപ്പിക്കുന്നതിനും പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും മലയാളം അധ്യാപകനെന്നനിലയിൽ അബൂബക്കർ നിരന്തരം പരിശ്രമിച്ചിരുന്നു. 1995ൽ ഒരുവർഷം പഞ്ചാബ് നോർത്തേൺ റീജിയണൽ ലാംഗ്വേജ് സെൻററിൽനിന്ന് പരിശീലനം നേടിയശേഷം സങ്കരഭാഷകളെ കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടു. എഴുത്തുകാരും പ്രഭാഷകരുമായുള്ള ആത്മബന്ധം പ്രയോജനപ്പെടുത്തി കുട്ടികൾക്കുവേണ്ടി സ്കൂളിൽ നിരവധി പഠനക്കളരികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ ഉണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അബൂബക്കർ മാസ്റ്ററുടെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് മോയിൻകുട്ടി വൈദ്യരുടെ സമ്പൂർണ രചനകളുടെ സമാഹാരം.
വൈദ്യരുടെ കാവ്യലോകം, ഉമർഖാസി, ടി. ഉബൈദ്, മുത്തു നബിയും പനിനീർപ്പൂവും മുസ്‍ലിംകളുടെ സാംസ്കാരിക പൈതൃകം, മലയാളത്തിലെ ഇശൽവഴി (എഡിറ്റർ) ഇശൽപൂത്ത മലയാളം (സഹ എഡിറ്റർ) എന്നിവയാണ് അബൂബക്കർ മാസ്റ്ററുടെ ശ്രദ്ധേയ രചനകൾ.
മികച്ച അധ്യാപകനായിരുന്ന അബൂബക്കർ മാഷ് പഠന പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവരാൻ വിവിധ പദ്ധതികളും നടപ്പിൽവരുത്തി. എട്ടാം ക്ലാസിൽ ചേരുന്ന വിദ്യാർഥികളിൽ പിന്നാക്കംനിൽക്കുന്നവരെ പ്രത്യേകം കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുകയുണ്ടായി. ഭാര്യ: സൗദ (അധ്യാപിക, ചിറവട്ടം എൽ.പി സ്കൂൾ). മക്കൾ: ഡാനിഷ് ഫർഹാദ്, ബാഹി സ് ബഹ്സാദ്, അർസൽ വിദാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.