കാക്കുനി അപകടം; നടുക്കം മാറാതെ നാട്ടുകാർ
text_fieldsആയഞ്ചേരി: വേളം പഞ്ചായത്തിലെ കാക്കുനിയിൽ മങ്ങാടുകുന്ന് മലയിൽ കരീമിെൻറ വീടിെൻറ നിർമാണത്തിനിടയിലുണ്ടായ അപകടത്തിൽ നടുക്കം മാറാതെ പ്രദേശവാസികൾ. അപകടത്തിൽ ഒരാൾ മരിക്കുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വീടിനോടു ചേർന്ന അടുക്കള ഭാഗത്ത് ഒന്നാം നിലയിലെ ചുമർ പ്ലാസ്റ്ററിങ് ജോലി നടക്കുന്നതിനിടയിലാണ് പുതുതായി കൂട്ടിച്ചേർത്ത് നിർമിച്ച കോൺക്രീറ്റ് സ്ലാബ് താഴേക്കു പതിച്ചത്. താഴെ ജോലി ചെയ്തിരുന്ന ജിതിെൻറ ദേഹത്ത് നേരിട്ട് സ്ലാബ് പതിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടത്.
പിന്നീട് അഗ്നി രക്ഷാസേനയുമെത്തി. ഗുരുതരമായി പരിക്കേറ്റ ജിതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മടോംമരുതുള്ളതിൽ വിഷ്ണു, അനന്തോത്ത് ബിജീഷ്, തരിപ്പയിൽ അജീഷ് എന്നിവർ ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ തലനാരിഴക്കാണ് സാരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടത്. അശാസ്ത്രീയ നിർമാണപ്രവൃത്തിയാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. അപകടം നടന്ന വീടിെൻറ തൊട്ടടുത്ത പ്രദേശത്തുകാരാണ് അപകടത്തിൽ പെട്ട നാലു പേരും. നിർമാണപ്രവൃത്തി പെട്ടെന്നു പൂർത്തിയാക്കുന്നതിനാണ് ഞായറാഴ്ചയും ജോലിക്കെത്തിയത്. ജിതിനും പരിക്കേറ്റവരും അടുത്ത സുഹൃത്തുക്കളാണ്.
സംഭവമറിഞ്ഞ് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ, മുൻ എം.എൽ.എ കെ.കെ. ലതിക എന്നിവർ ജില്ല ആശുപത്രിയിലെത്തി. വേളം പഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ, വൈസ് പ്രസിഡൻറ് കെ.സി. ബാബു, മുസ്ലിം ലീഗ് നേതാവ് എം.എ. കുഞ്ഞബ്ദുല്ല എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.