നിപ: ഉറവിടം തേടി കേന്ദ്രസംഘം മംഗലാട്ട്
text_fieldsആയഞ്ചേരി: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് കേന്ദ്രസംഘം ആയഞ്ചേരിയിലെ 13ാം വാർഡ് മംഗലാട് പ്രദേശം സന്ദർശിച്ചു പരിശോധന നടത്തി. നിപ ബാധിച്ച് മരിച്ച മമ്മിളിക്കുനി ഹാരിസിന്റെ വീട്ടിലെത്തിയ സംഘം വീട്ടുകാരോട് വിവരങ്ങൾ അന്വേഷിച്ചു. വീടിന്റെ പരിസരം, കിണർ, ഫലവൃക്ഷങ്ങൾ എന്നിവ പരിശോധിച്ചു. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങൾ, ചേക്കേറുന്ന ഇടം തുടങ്ങിയവ അന്വേഷിച്ചു. വീട്ടുപറമ്പിൽ വീണുകിടക്കുന്ന അടക്കയും പഴവർഗങ്ങളും ശേഖരിച്ചു.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജിയിലെ ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സാംക്രമികരോഗ നിയന്ത്രണ കോഓഡിനേറ്റർ ഡോ. ബിന്ദു, അസോസിയേറ്റഡ് പ്രഫ. ഡോ. രജസി, അസി. പ്രഫസർ ഡോ. ടോം വിൽസൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
തകർന്നടിഞ്ഞ് പഴം, പച്ചക്കറി മേഖല
വടകര: നിപ രോഗഭീതിയിൽ തകർന്നടിഞ്ഞ് പഴം -പച്ചക്കറി വ്യാപാര മേഖല. പഴങ്ങളുടെയും പച്ചക്കറികളുടെയും മൊത്ത, ചില്ലറ വിപണിയിൽ രണ്ടു ദിവസംകൊണ്ട് പകുതിയിലേറെ ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു.
നിപ രോഗബാധയെ തുടർന്ന് ആയഞ്ചേരി, വില്യാപ്പള്ളി, തിരുവള്ളൂർ മേഖലകളിൽ അടച്ചുപൂട്ടൽ വന്നതോടെ ഇവിടങ്ങളിലെ ചെറുകിട വ്യാപാരികൾ സാധനങ്ങൾ വാങ്ങുന്നതിനായി വടകരയിലേക്ക് എത്താതായി. പച്ചക്കറികളും പഴങ്ങളും സ്റ്റേഷനറി സാധനങ്ങളും ഉൾപ്പെടെ വാങ്ങുന്നതിന് ആയഞ്ചേരി, വില്യാപ്പള്ളി മേഖലകളിലെ ചെറുകിട കച്ചവടക്കാർ വടകര മാർക്കറ്റിനെയാണ് ആശ്രയിക്കുന്നത്.
കണ്ടെയ്ൻമെന്റ് മേഖലയിലെ വിവാഹം, ഗൃഹപ്രവേശനം ഉൾപ്പെടെയുള്ള ചടങ്ങുകളും പ്രതിസന്ധിയിലാണ്. ശനി, ഞായർ ദിവസങ്ങളിൽ നടക്കേണ്ട ഗൃഹപ്രവേശന പരിപാടികൾ ലളിതമായി ചുരുക്കിയതും വ്യാപാര മേഖലയെ ബാധിച്ചിട്ടുണ്ട്. വടകര മൊത്തവിപണിയിലേക്ക് ഇതര സംസ്ഥാനങ്ങളിൽനിന്ന് പഴം, പച്ചക്കറി ഉൾപ്പെടെ എത്തുന്നതിന് തടസ്സമില്ല. കച്ചവടം കുത്തനെ കുറഞ്ഞതിനാൽ ഓർഡർ നൽകി സാധനങ്ങൾ എത്തിക്കുന്നതിന് കച്ചവടക്കാർ വിമുഖത കാട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.