ജീവനക്കാരില്ല; ആയഞ്ചേരിയിൽ പദ്ധതികൾ താളം തെറ്റുന്നു
text_fieldsആയഞ്ചേരി: മതിയായ ജീവനക്കാരില്ലാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പദ്ധതികൾ താളം തെറ്റുന്നു. അസി. സെക്രട്ടറി, അസി. എൻജിനീയർ, ഓവർസിയർ, വി.ഇ.ഒ, പാർട്ട്ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലാണ് ജീവനക്കാരില്ലാത്തത്.
ആഴ്ചകൾക്കു മുമ്പാണ് സെക്രട്ടറി ഉൾപ്പെടെ പത്തിലേറെ ഉദ്യോഗസ്ഥരെ ഒന്നിച്ച് സ്ഥലംമാറ്റിയത്. പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്നു.
എൽ.എസ്.ജി.ഡി വകുപ്പിൽ 2024-25 വർഷത്തിൽ നിരവധി പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്. 17 വാർഡുകളിലായി സി.എഫ്.സി ഗ്രാന്റിൽ ഉൾപ്പെടുത്തിയുള്ള റോഡുകൾ, റോഡ് നവീകരണ പ്രവൃത്തികൾ, ബ്ലോക്ക് പഞ്ചായത്തുമായി ചേർന്നുള്ള സംയുക്ത പദ്ധതികൾ, കെട്ടിട നിർമാണം എന്നിവയുടെ പ്രവൃത്തി ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. മാർച്ചിനുമുമ്പ് തീർക്കാനുള്ള പദ്ധതികളാണ് ഉള്ളത്. ഒരു അസി. എൻജിനീയറും ആവശ്യത്തിന് ഓവർസിയർമാരും ഓരോ പഞ്ചായത്തിനും ഉണ്ടെങ്കിൽ മാത്രമേ സമയബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയൂ. ഈ അവസരത്തിലാണ് ആയഞ്ചേരിയിൽ എ.ഇയുടെയും ഓവർസിയറുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. മണിയൂർ പഞ്ചായത്തിലെ എൻജിനീയർക്കാണ് താൽക്കാലിക ചുമതല. ഇതുകാരണം അമിത ജോലിഭാരമാണ് വഹിക്കുന്നത്.
പുതുതായി ചുമതലയേറ്റ സെക്രട്ടറിക്ക് വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ചുമതലയുള്ളതിനാൽ പഞ്ചായത്തിൽ ഏറെനേരം ചെലവഴിക്കാൻ കഴിയില്ല. പകരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അസി. സെക്രട്ടറിയാണ്. കൂടാതെ മറ്റു ദൈനംദിന ഓഫിസ് കാര്യങ്ങളും പൂർത്തിയാക്കേണ്ട അസി. സെക്രട്ടറി തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വി.ഇ.ഒ ഇല്ലാത്തതിനാൽ ക്ഷേമപ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. മാലിന്യമുക്ത നവകേരളം പോലുള്ള പദ്ധതികൾക്ക് നേതൃപരമായ പങ്കുവഹിക്കേണ്ടതും വി.ഇ.ഒ ആണ്. ജനങ്ങൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളാണ് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാൽ നഷ്ടമാകുന്നത്.
നിവേദനം നൽകി
ആയഞ്ചേരി: പഞ്ചായത്ത് ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ പദ്ധതി താളം തെറ്റുകയാണെന്നും ജീവനക്കാരെ ഉടൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ്, മുൻ പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉൾപ്പെടെയുള്ള സംഘം ജില്ല കലക്ടർ, ജോയൻറ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.
ഉദ്യോഗസ്ഥരെ നിയമിക്കാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.