വിരണ്ടോടിയ പോത്തിൻെറ ആക്രമണത്തിൽനിന്ന് ബാലികയെ രക്ഷിച്ച് വിദ്യാർഥി
text_fieldsആയഞ്ചേരി: വിരണ്ടോടിയ പോത്തിെൻറ ആക്രമണത്തിൽനിന്ന് സാഹസികമായി പിഞ്ചുബാലികയെ രക്ഷപ്പെടുത്തിയ കടമേരി കീരിയങ്ങാടി സ്വദേശി ഷാനിസ് അബ്ദുല്ല നാടിന് അഭിമാനമായി. താഴെ നുപ്പറ്റ അബ്ദുൽ അസീസിെൻറ മകൻ ഷാനിസും സഹോദരി തൻസിഹ നസ്റീെൻറ രണ്ട് ചെറിയ കുട്ടികളും മുറ്റത്ത് കളിക്കുമ്പോഴാണ് വിരണ്ടോടിയ പോത്ത് ആക്രമിക്കാൻ എത്തിയത്.
വഴിനീളെയുള്ള പരാക്രമത്തിൽ ഒരു കൊമ്പ് നഷ്ടപ്പെട്ട് രക്തമൊലിപ്പിച്ച് കുതിച്ചെത്തിയ പോത്ത് ആദ്യം രണ്ടര വയസ്സുള്ള ബാലികയെ ആക്രമിക്കുകയായിരുന്നു. ഇതുകണ്ട ഷാനിസ് പോത്തിനെ ബലമായി പിടിച്ചുമാറ്റി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലും വസ്ത്രത്തിലും പോത്തിെൻറ രക്തം പുരണ്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഏറെനേരം വീടിനു പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോത്ത് കോഴിക്കൂട് തകർക്കുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തു. നാദാപുരത്തുനിന്ന് മാംസാവശ്യാർഥം കച്ചവടക്കാർ കൊണ്ടുവന്ന പോത്താണ് കയർ പൊട്ടിച്ച് ജനങ്ങളെ മുൾമുനയിൽ നിർത്തി പരിഭ്രാന്തി സൃഷ്ടിച്ചത്.
ഏറെനേരത്തെ ശ്രമഫലമായി പ്രദേശവാസികൾ പോത്തിനെ കീഴടക്കി. നാദാപുരം എ.എസ്.ഐ മഹേന്ദ്രെൻറ നേതൃത്വത്തിലുള്ള സംഘം, വാർഡ് മെംബർ ടി.കെ. ഹാരിസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. അബ്ദുൽ നാസർ തുടങ്ങിയവർ നേതൃത്വം നൽകി. കടമേരി മാപ്പിള യു.പി സ്കൂൾ ഏഴാം തരം വിദ്യാർഥിയാണ് ഷാനിസ് അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.