‘തുക അനുവദിച്ചതിൽ വിവേചനമെന്ന്’ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി
text_fieldsആയഞ്ചേരി: ഗ്രാമപഞ്ചായത്തുകൾക്ക് 2023 - 24 ബജറ്റിൽ നീക്കിവെച്ച റോഡ് മെയിന്റനൻസ് ഗ്രാന്റിൽ മാറ്റം വരുത്തിയതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിന് കുറവ് വന്ന സംഖ്യ ക്രമാതീതമായി മാറ്റം വരുത്താതെ എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകൾ കൂടുതലായും, യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകൾ കുറവും ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയി. ഏഴ് എൽ.ഡി.എഫ് വാർഡുകളിൽ നാലിൽ എണ്ണത്തിൽ ഫണ്ട് കുറച്ചപ്പോൾ 10 യു.ഡി.എഫ് വാർഡുകളിൽ രണ്ടിൽ മാത്രമാണ് ഫണ്ട് കുറച്ചതെന്ന് എൽ.ഡി.എഫ് ആരോപിച്ചു.
സർക്കാർ ഈ വർഷം റോഡ് മെയിന്റനൻസ് ഫണ്ട് അനുവദിച്ചത് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനവും അവരുടെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡുകളുടെ എണ്ണവും, നീളവും കാണിച്ച് അവർ നൽകിയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചതിനേക്കാൾ 200 ശതമാനത്തിലധികം വർധന ഈ വർഷം ഉണ്ടായിരുന്നുവെന്ന് എൽ.ഡി.എഫ് അവകാശപ്പെട്ടു. ആയഞ്ചേരി പഞ്ചായത്തിന് ഈ വർഷം അനുവദിച്ചത് 3,47,61,000 രൂപയായിരുന്നു.
താറുമാറായ എല്ലാ റോഡുകൾക്കും പണം നീക്കിവെച്ച് എസ്റ്റിമേറ്റ് തയാറാക്കിയിട്ടും 46,00,000രൂപ ബാക്കിയായിരുന്നു.
സംസ്ഥാനത്തെ ജില്ല പഞ്ചായത്തുകൾക്ക് കഴിഞ്ഞ വർഷം സ്പിൽ ഓവറായി മാറ്റിയ റോഡുകൾക്ക് ഫണ്ട് മാറ്റി വെക്കാൻ സംഖ്യ തികയാതെ വന്നപ്പോഴാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റുമാരുടേയും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ അലോക്കേഷനിൽ മാറ്റം വരുത്തിയത്.
പ്രോജക്ടിൽ മാറ്റം വരുത്താതെ ബഹുവർഷ പ്രോജക്ടുകളാക്കി മാറ്റി പ്രശ്നം പരിഹരിക്കാമെന്നും, മാറ്റം വരുത്തുകയാണെങ്കിൽ നിലവിൽ വാർഡുകളിൽ അനുവദിച്ച ഫണ്ടിന്റെ ക്രമാതീതമായി കുറവ് വരുത്തണമെന്ന എൽ.ഡി.എഫ് അംഗങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ, നേരത്തേ തയാറാക്കി കൊണ്ടുവന്ന ലിസ്റ്റ് വായിച്ച് യോഗം അവസാനിച്ചു എന്ന അധ്യക്ഷന്റെ പ്രഖ്യാപനത്തിനെതിരെയാണ് എൽ.ഡി.എഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ, മെംബർമാരായ ടി. സജിത്ത്, എ.പി. ശ്രീലത, സുധ സുരേഷ്, പി. രവീന്ദ്രൻ , ലിസ പുനയം കോട്ട് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്
ആരോപണംരാഷ്ട്രീയ പ്രേരിതം
ആയഞ്ചേരി: പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ വിയോജനക്കുറിപ്പ് അറിയിച്ചെങ്കിലും ബഹിഷ്കരണം നടന്നിട്ടില്ലെന്നും, ട്രഷറിയിൽ കൊടുക്കുന്ന ബില്ലുകൾ പണമില്ലാത്തതിനാൽ പാസാകാതെ കിടക്കുന്നത് പഞ്ചായത്ത് പ്രവർത്തനങ്ങളെ അവതാളത്തിലാക്കുന്നതായും പ്രസിഡന്റ് കാട്ടിൽ മൊയ്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.