യുവാവിനെ അക്രമിച്ച് കാർ അഗ്നിക്കിരയാക്കി
text_fieldsആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ കല്ലേരിയിൽ യുവാവിനെ അർധരാത്രി വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയും കാർ അഗ്നിക്കിരയാക്കുകയും ചെയ്തു. കല്ലേരി ഒന്തമ്മൽ ബിജുവിനെയാണ് ഫോണിൽ വിളിച്ചുവരുത്തി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ ആക്രമിച്ചത്. ഇയാൾ സി.പി.എം അനുഭാവിയാണ്. കാർ പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. ബിജുവിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 18 എസ് 5877 കാറാണ് മൂന്നംഗ സംഘം കത്തിച്ചത്. പുലർച്ച ഒന്നരയോടെ സുഹൃത്തായ ഷമാസാണ് ഫോണിൽ വിളിച്ചതെന്ന് ബിജു നൽകിയ പരാതിയിൽ പറഞ്ഞു.
ആശുപത്രിയിൽ പോകുന്ന വഴിയിൽ തങ്ങളുടെ വാഹനം തകരാറായെന്നും കാറുമായി കല്ലേരി ക്ഷേത്രത്തിനടുത്ത് എത്തണമെന്നും അറിയിച്ചതിനെ തുടർന്നാണ് ബിജു എത്തിയത്.
തുടർന്ന് മൂന്നു പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബിജുവിന്റെ തലയ്ക്ക് കല്ലേറിൽ പരിക്കേറ്റു. തുടർന്ന് കാറിന് തീയിടുകയായിരുന്നു. വാനിലാണ് മൂവർസംഘം എത്തിയത്. അക്രമികൾക്ക് ബിജുവിനെ നേരത്തേ പരിചയമുള്ളതായി നാട്ടുകാർ പറയുന്നു. കത്തിയ കാർ ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. സംഭവത്തിൽ ചൊക്ലി സ്വദേശി ഷമാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ്, നാദാപുരം സ്വദേശി വിഷ്ണുജിത്ത് എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.
പിന്നിൽ സ്വർണക്കടത്ത് കുടിപ്പകയെന്ന് സംശയം
വടകര: കല്ലേരിയിൽ യുവാവിന്റെ കാർ കത്തിച്ച സംഭവം സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സംശയത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ബിജുവിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തെങ്കിലും പരാതി നൽകാൻ വടകര സ്റ്റേഷനിലെത്തിയ ബിജുവിനെ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി ഹരിപ്രസാദ്, സി.ഐ എം.പി രാജേഷ് എന്നിവർ മണിക്കൂറുകളോളം ചോദ്യം ചെയ്തു. സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ.
എന്നാൽ, ആയഞ്ചേരിയിലെ കല്യാണ വീട്ടിൽ വ്യക്തികൾ തമ്മിലുണ്ടായ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന് നൽകിയ പരാതിയിലും മൊഴിയിലും പറയുന്നത്. മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.
ഇതിനിടെ അർജുൻ ആയങ്കിക്കൊപ്പമുള്ള ബിജുവിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജില്ലക്ക് പുറത്തുള്ളവരുമായുള്ള ബന്ധമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ, കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് പൊട്ടിക്കൽ സംഘങ്ങൾ മേഖലയിൽ വേരുറപ്പിച്ചിട്ടുണ്ട്. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘവുമായുള്ള പണം വീതംവെപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ തർക്കങ്ങളാണ് തീവെപ്പിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർ പൊലീസിന്റെ വലയിലായതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.