ആയഞ്ചേരി മൃഗാശുപത്രിയിൽ ഡോക്ടറില്ല
text_fieldsആയഞ്ചേരി: ഡോക്ടർ സ്ഥലംമാറിപ്പോയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പകരം നിയമനം നടത്താത്തതുമൂലം ആയഞ്ചേരി മൃഗാശുപത്രിയുടെ പ്രവർത്തനം നിലച്ചു. നിപയിൽ പ്രദേശത്ത് ഭീതി പടരുമ്പോൾ മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാത്തത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നു. പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വവ്വാൽ, നായ് എന്നിവ ചത്തിരുന്നു. ഇത് ജനങ്ങളെ കൂടുതൽ ഭീതിയിലാക്കി. എട്ടുമാസമായി നിലവിലെ ഡോക്ടർ സ്ഥലംമാറിപ്പോയിട്ട്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള കെട്ടിടമാണ് ആശുപത്രിക്കുള്ളത്. ആയഞ്ചേരി, മംഗലാട്, പൈങ്ങോട്ടായി, കീരിയങ്ങാടി, തറോപ്പൊയിൽ, കടമേരി, കല്ലേരി എന്നിവിടങ്ങളിലുള്ള ക്ഷീരകർഷകരാണ് പ്രധാനമായും ആശുപത്രിയെ സമീപിക്കുന്നത്. സമീപ പഞ്ചായത്തായ പുറമേരി മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. മൃഗാശുപത്രിയിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഡോക്ടർ എത്തുന്നത്. അതിനാൽ മിക്കപ്പോഴും ആശുപത്രിയിൽ എത്തുന്നവർ നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.
പശുക്കൾക്ക് അകിടുവീക്കം വ്യാപകമായതോടെ ക്ഷീരകർഷകർ കിലോമീറ്ററുകൾ സഞ്ചരിച്ച് വടകര, തോടന്നൂർ മൃഗാശുപത്രികളിൽ പോയി ചികിത്സ തേടേണ്ട ദുരവസ്ഥയിലാണ്.
ആയഞ്ചേരി പഞ്ചായത്ത് മൃഗാശുപത്രിയിൽ സ്ഥിരം വെറ്ററിനറി സർജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു, വാർഡ് അംഗങ്ങളായ നെല്യാട്ടുമ്മൽ ഹമീദ്, അശ്റഫ് വെള്ളിലാട്ട് എന്നിവർ മാസങ്ങൾക്കു മുമ്പ് മൃഗസംരക്ഷണ മന്ത്രി, ഡയറക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നെങ്കിലും പരിഹാരമായിട്ടില്ല. എത്രയും പെട്ടെന്ന് ഡോക്ടറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.