ആയഞ്ചേരിയിൽ ഗതാഗത പരിഷ്കരണം; സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങി
text_fieldsആയഞ്ചേരി: ആയഞ്ചേരി സ്റ്റാൻഡിൽ മാസങ്ങളുടെ ഇടവേളക്കുശേഷം ബസുകൾ കയറിത്തുടങ്ങി. ടൗണിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായാണ് ബസുകൾ സ്റ്റാൻഡിൽ പ്രവേശിച്ചുതുടങ്ങിയത്.
സ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമില്ലെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് സൗകര്യം ഒരുക്കിയത്. സാമൂഹിക വിരുദ്ധർ നശിപ്പിച്ച ശുചിമുറി, മോട്ടോർ, വാട്ടർ ടാങ്ക് തുടങ്ങിയവ നന്നാക്കുകയും കേടായ തെരുവ് വിളക്കുകൾ കത്തിക്കുകയും ചെയ്തു.
ഗതാഗതക്കുരുക്ക് രൂക്ഷമായ ടൗണിൽ ഇനി മുതൽ ബസുകൾ സ്റ്റാൻഡിൽ പ്രവേശിപ്പിച്ച് മാത്രമേ ആളുകളെ കയറ്റിയിറക്കാൻ പാടുള്ളൂ. അന്യവാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. വടകര ഭാഗത്തേക്ക് പോകുന്ന ബസുകൾ ടൗൺ പള്ളിക്ക് സമീപവും ആ ഭാഗത്തുനിന്ന് വരുന്ന ബസുകൾ വില്ലേജ് ഓഫിസിന് മുന്നിലും നിർത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. നിലവിൽ കമ്യൂണിറ്റി ഹാളിന് സമീപമുള്ള സ്റ്റോപ് ഉണ്ടാകില്ല. നാട്ടുകാരും വ്യാപാരികളും പരിഷ്കരണവുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ ഹമീദ് അഭ്യർഥിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, അംഗങ്ങളായ എ. സുരേന്ദ്രൻ, സി.എം. നജ്മുന്നീസ, ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി എ.പി. ഹരിദാസൻ, ജോ. സെക്രട്ടറി പ്രമോദ് അമൃത, ദീനദയാൽ, ഷാജി നന്ദൂസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.