ആയുഷിന് വേണം നമ്മുടെ ആശ്വാസം; തുടർ ചികിത്സക്ക് വേണ്ടത് 20 ലക്ഷം രൂപ
text_fieldsകോഴിക്കോട്: മുറ്റത്ത് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടാനുമൊന്നും മറ്റുള്ളവരെപോലെ കഴിയില്ലെങ്കിലും നിറഞ്ഞ ചിരിയാണ് ആയുഷിന്റെ കുഞ്ഞു കവിളിലെപ്പോഴും. അവെൻറ പുഞ്ചിരി കാണുമ്പോൾ മാതാപിതാക്കളായ പാറോപ്പടി ഒറുനിലത്ത് നിജീഷും അഞ്ജുവും ഉള്ളിലെ വേദനകളെല്ലാം മറക്കും. ഈ ചിരി കെട്ടുപോവാതിരിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഈ കുടുംബം.
ജന്മനാ ശ്വാസകോശത്തിന് അസുഖമുണ്ടായിരുന്നു ഈ രണ്ടരവയസ്സുകാരന്. മാത്രമല്ല, അവയവങ്ങൾ സ്ഥാനം തെറ്റിയാണ് നിൽക്കുന്നത്. ഹൃദയത്തിന്റെ അറകൾ വേർതിരിക്കുന്ന ഭാഗത്ത് വലിയ ദ്വാരവും വൃക്കസംബന്ധമായ അസുഖവുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനിച്ചതിന്റെ പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നു. വൻകുടലിന്റെ ഭാഗത്ത് ദ്വാരമുണ്ടാക്കിയാണ് മലമൂത്ര വിസർജനം സുഗമമാക്കിയത്. തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സ തേടുകയും ഒരു വയസ്സ് കഴിഞ്ഞപ്പോൾ ഹൃദയ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇപ്പോൾ വൻകുടലിനും വൃക്കസംബന്ധമായ അസുഖത്തിനും ശസ്ത്രക്രിയ വേണ്ടി വന്നിരിക്കയാണ്. 20 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. എന്നാൽ, കൂലിവേലക്കാരനായ നിജീഷിന് ഇതിന് വകയില്ല. ഇതിനോടകമുള്ള ചികിത്സക്കു തന്നെ രണ്ടു ലക്ഷത്തിലേറെ രൂപ ചെലവാക്കിയത് പലരോടും കടം വാങ്ങിയാണ്.
കുട്ടിയുടെ ചികിത്സക്കുള്ള സാമ്പത്തിക സഹായം സമാഹരിക്കാൻ എൻ.എസ്. കൃഷ്ണൻ ചെയർമാനും ടി. അശോകൻ കൺവീനറും എൻ.എം. ദീപ ട്രഷററുമായി ഒറുനിലത്ത് ആയുഷ് ചികിത്സാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ പേരിൽ കനറാ ബാങ്ക് വെള്ളിമാട്കുന്ന് ശാഖയിൽ 0839101050570 നമ്പറായി തുടങ്ങിയ അക്കൗണ്ടിലേക്ക് സഹായം അയക്കാം. ഐ.എഫ്.എസ്.സി കോഡ്: CNRB0000839. എം.ഐ.സി.ആർ കോഡ്: 673015007. ഫോൺ: 9947158060, 9895430018.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.