അഴിയൂർ ലഹരിക്കേസ്; വിദ്യാർഥിനിയെ നേരിട്ട് കേൾക്കാൻ ഹൈകോടതി
text_fieldsവടകര: അഴിയൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ലഹരിമാഫിയ ഉപയോഗപ്പെടുത്തിയെന്ന പരാതിയിൽ വിദ്യാർഥിനി 16ന് ഹൈകോടതിയിൽ ഹാജരാകാൻ ഉത്തരവ്. ഇതുസംബന്ധിച്ച് ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫ് വിദ്യാർഥിനിയിൽനിന്ന് നേരിട്ട് വിവരങ്ങൾ കേൾക്കും.
സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനിയുടെ മാതാവ് നൽകിയ ഹരജിയിൽ ഇടപെടുകയായിരുന്നു ഹൈകോടതി. കേസിൽ പലതവണയായി സംസ്ഥാന സർക്കാർ മറുപടി നൽകാതെ വീണ്ടും സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഹൈകോടതി ഉത്തരവ്.
ലഹരി മാഫിയക്ക് ഇരയായെന്ന പരാതിയിൽ വിദ്യാർഥിനിയോട് നേരിട്ടു ചേംബറിൽ ഹാജരാവാൻ ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫാണ് ഉത്തരവിട്ടത്. കൃത്യമായ സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും, ലഹരി മാഫിയയുടെ വിവരങ്ങൾ ലഭ്യമായിട്ടും കേസ് അന്വേഷണം ശരിയായ രീതിയിൽ നടന്നിരുന്നില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ചോമ്പാല പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. വടകര ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. സംഭവത്തിൽ വിദ്യാർഥിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചോമ്പാല പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.
കഴിഞ്ഞ ആഴ്ച അന്വേഷണം അവസാനിപ്പിച്ചതായി ചൂണ്ടിക്കാട്ടി പൊലീസ് മാതാവിന് നോട്ടീസ് നൽകിയിരുന്നു. വിദ്യാർഥിനിയുടെ മാതാവ് അഡ്വ. രാജസിംഹൻ മുഖേന നൽകിയ ഹരജിയിലാണ് ഹൈകോടതിൽ ഹരജി ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.