ചുരുളഴിയാതെ അഴിയൂർ ലഹരിക്കടത്ത്; പൊലീസ് ഇരുട്ടിൽ തപ്പുന്നു
text_fieldsവടകര: അഴിയൂരിൽ വിദ്യാർഥിനിയെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന പരാതിയിൽ ഒരാഴ്ച പിന്നിട്ടിട്ടും കേസിന്റെ ചുരുളഴിക്കാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ബുധനാഴ്ച വിദ്യാർഥിനിയിൽനിന്ന് ശിശുക്ഷേമ സമിതി തെളിവെടുത്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷ ഉമ്മർ, പഞ്ചായത്ത് അംഗം എന്നിവരിൽനിന്നും മൊഴിയെടുത്തു. കുട്ടി പൂർണ ആരോഗ്യവതിയല്ലെന്ന കണ്ടെത്തലിൽ കൗൺസലിങ്ങും ചികിത്സയും ലഭ്യമാക്കി വീണ്ടും വിവരങ്ങൾ തേടാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
ശിശുക്ഷേമ സമിതി വഴി വിദ്യാർഥിനിയിൽനിന്ന് ലഭിക്കുന്ന മൊഴി വീണ്ടും വിശകലനം ചെയ്യുമെന്നും അന്വേഷണം ഊർജിതമാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
കുട്ടിയെ ലഹരി നൽകി ലഹരിക്കടത്തിന് ഉപയോഗിച്ചുവെന്ന മൊഴിയിൽ കുട്ടി ഉറച്ചുനിൽക്കുന്നുവെങ്കിലും പൊലീസ്, മൊഴി വിശ്വാസത്തിലെടുക്കാത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന വാദം ശക്തമായിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
വിദ്യാർഥിനിക്ക് ആദ്യം ബിസ്കറ്റ് നൽകിയെന്ന് കുട്ടി മൊഴി നൽകിയ ഒക്ടോബർ മാസം ആദ്യവാരം സ്കൂളിൽനിന്ന് ട്രാൻസ്ഫറായി പോയ വിദ്യാർഥിനിയെക്കുറിച്ച് അന്വേഷണം നടക്കുന്നില്ല. വിദ്യാർഥിനിയെ ലഹരിമാഫിയ സംഘത്തിന് പരിചയപ്പെടുത്തിയ പ്രധാന കണ്ണി ഇപ്പോഴും കാണാമറയത്താണ്.
ഇത്തരത്തിൽ നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പോക്സോ കേസ് എന്നതിലപ്പുറം കേസ് അന്വേഷണം പുരോഗമിക്കാത്തത് ദുരൂഹത വർധിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.