കൊടുവള്ളിയിലെ പിൻവാതിൽ നിയമനം; ഭരണനേതൃത്വത്തിന് പുതിയ വെല്ലുവിളി
text_fieldsകോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ കണ്ടിജന്റ് വർക്കർ നിയമനത്തിന് തയാറാക്കിയ ലിസ്റ്റിൽ തിരിമറി നടന്നതായ ആക്ഷേപം ഭരണനേതൃത്വത്തിന് പുതിയ വെല്ലുവിളിയാകുന്നു. കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നത് നടത്തിയ അഭിമുഖത്തിൽ മാർക്ക് രേഖപ്പെടുത്തി തയാറാക്കിയ ഷീറ്റിലാണ് ഓപൺ ക്വോട്ടയിൽ അഭിമുഖത്തിൽ പങ്കെടുത്ത രണ്ടുപേർ ഒഴികെ ബാക്കി എല്ലാവരെയും ഒഴിവാക്കിയത്.
ഒ.ബി.സി, എസ്.സി, മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗം എന്നീ വിഭാഗത്തിൽ പത്ത് പേരുടെ വീതം ലിസ്റ്റ് തയാറാക്കിയപ്പോൾ ഓപൺ വിഭാഗത്തിൽനിന്നും ഒട്ടേറെപ്പേർ ഇന്റർവ്യൂവിൽ പങ്കെടുത്തുവെങ്കിലും യൂത്ത് ലീഗ് നേതാക്കളായ രണ്ടുപേരെ മാത്രമാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയത്.
ഉദ്യോഗാർഥികളിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ പിൻവാതിൽ വഴി നിയമനം ലഭിച്ചവരുടെ നിയമനം അസാധുവാകുമെന്നും റാങ്ക് ലിസ്റ്റിൽ പിറകിലുള്ളവർക്ക് നിയമനം നൽകേണ്ടിവരുമെന്നും കണ്ടാണ് ലിസ്റ്റിൽനിന്ന് ബാക്കിയുള്ളവരെ വെട്ടിമാറ്റിയത് എന്നാണ് ആക്ഷേപം.
ഇതുവഴി ലിസ്റ്റിൽ മറ്റാരുമില്ല എന്ന വാദമുയർത്തി വീണ്ടും അഭിമുഖം നടത്താനും ഇഷ്ടക്കാരെ നിയമിക്കാനും സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഭരണസമിതിയെ ഈ കളിക്ക് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായി മാത്രം നിയമന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന വ്യവസ്ഥയിൽ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി വാങ്ങിയ രണ്ട് കരാർ ജീവനക്കാർക്ക് ഓപൺ ക്വോട്ടയിൽ ലഭിച്ച നിയമനം ചോദ്യം ചെയ്ത് നിലവിലുള്ള കേസിൽ കക്ഷിചേരാൻ ഉദ്യോഗാർഥികൾ തയാറെടുക്കുന്നുണ്ട്.
താൽക്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവർക്ക് കോടതിവിധി പ്രതികൂലമായിരിക്കുമെന്നുമാണ് മുനിസിപ്പൽ അധികൃതർക്ക് ലഭിച്ച നിയമോപദേശം.
അഭിമുഖം മാറ്റിവെക്കണമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് കണ്ടിജന്റ് ജീവനക്കാർക്കായി ഇന്റർവ്യൂ നടത്തി റാങ്ക്‍ലിസ്റ്റ് തയാറാക്കിയത് ഭരണസമിതി യോഗത്തിൽ സി.പി.എം നേതൃത്വം നൽകുന്ന പ്രതിപക്ഷം വിയോജിപ്പ് പോലും രേഖപ്പെടുത്താത്തത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്.
സർക്കാർ നിർദേശം ലംഘിച്ച് ഇന്റർവ്യൂ നടത്തിയ സൂപ്രണ്ടിനെ 24 മണിക്കൂറിനകം സർക്കാർ തളിപ്പറമ്പിലേക്ക് സ്ഥലം മാറ്റിയതാണ്. ഇത്രയും വിവാദമായ പിൻവാതിൽ നിയമനത്തിന് കൂട്ടുനിൽക്കുന്ന സമീപനമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.