ഈ ദുർഗന്ധം എന്തിന് സഹിക്കണം?
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമ്പോഴും ദുർഗന്ധം മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. ആശുപത്രിയുടെ ഒ.പിയിൽ രോഗികൾക്ക് മൂക്ക് പൊത്താതെ നടക്കാനാവുന്നില്ല. 67, 68 ഒ.പി വിഭാഗം, ഫാർമസി, സർജന്‍റ് ഓഫിസ് തുടങ്ങിയ ഇടങ്ങളിൽ ദുർഗന്ധം രൂക്ഷമാണ്.
ദുർഗന്ധം സ്വതവേ രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒ.പിയിൽ ഡോക്ടറെ കാണാനും ഫാർമസിയിൽ മരുന്നു വാങ്ങാനും രോഗികൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരും. ഈ സമയമത്രയും ദുർഗന്ധം സഹിക്കേണ്ട ഗതികേടിലാണ് രോഗികൾ. മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം ഒ.പിയിൽ എത്തുന്നവർക്കാണ് ഈ ഗതികേട്. ദിനം പ്രതി 1000 മുതൽ 4000 പേർ വരെ മെഡിക്കൽ കോളജ് ഒ.പികളിൽ ചികിത്സ തേടുന്നുണ്ട്.
ഭൂരിഭാഗം പേരും മെഡിക്കൽ കോളജ് ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങാനും എത്താറുണ്ട്. ഇത്രയും രോഗികൾ പെരുമാറുന്ന സ്ഥലമായിട്ടും ദുർഗന്ധം ഇല്ലാതാക്കാൻ വേണ്ട നടപടികളൊന്നും അധികൃതർ സ്വീകരിക്കുന്നില്ല. ആശുപത്രിയുടെ വിവിധ ബ്ലോക്കിലെ ശുചിമുറികളിൽനിന്നുള്ള മലിനജലം ഒഴുക്കി വിടുന്ന ഓവുചാലും മാൻഹോളും 67,68 ഒ.പി വരാന്തക്ക് സമീപമാണ്. മാൻഹോളിനു ചുറ്റും സംരക്ഷണ ഭിത്തി ഉയർത്തിക്കെട്ടിയിട്ടുണ്ടെങ്കിലും മലിനജല പ്രവാഹത്തിെൻറ ശബ്ദവും ദുർഗന്ധവും അസഹനീയമാണ്.
ഓവുചാലുകൾ വൃത്തിയാക്കാത്തതും വൃത്തികേട് കൂടുമ്പോൾ ബ്ലീച്ചിങ് പൗഡർ നിക്ഷേപിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതുമെല്ലാം ദുർഗന്ധം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. രണ്ട് ദിവസമായി ദുർഗന്ധം അതിരൂക്ഷമാണ്. ഫാർമസി ജീവനക്കാരും ഒ.പിയിലെ ഡോക്ടർമാരും നഴ്സുമാരും രോഗികളും മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ട് ഈ ദുർഗന്ധം സഹിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.