ബാലനും ബാബുവും വീടണയാനുള്ള ദുരിതം നീങ്ങും; ലീഗൽ സർവിസസ് ഇടപെടുന്നു
text_fieldsനന്മണ്ട: ഇരുകാലുകളും തളർന്ന ഇരട്ട സഹോദരങ്ങളായ ബാബുവിന്റെയും ബാലന്റെയും ദുരിതപർവം താണ്ടിയുള്ള യാത്രക്ക് പരിഹാരമായേക്കും. പഞ്ചായത്ത് 11ാം വാർഡിലെ പടിഞ്ഞാറേക്കുഴി ബാലനും ബാബുവും വീട്ടിലെത്താൻ കുണ്ടും കുഴിയും നിറഞ്ഞ പാറച്ചാലിൽ മീത്തൽ-തെക്കയിൽ റോഡിലൂടെ യാത്രചെയ്യുന്നതിനെക്കുറിച്ച് മാധ്യമം വാർത്ത നൽകിയിരുന്നു.
ഫെബ്രുവരി 16ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് ഹാജരാവാൻ ലീഗൽ സർവിസ് സെക്രട്ടറി എം.പി. ഷൈജൽ ആവശ്യപ്പെട്ടിരിക്കുകയാണ്. 2010ലാണ് പാറച്ചാലിൽ മീത്തൽ -തെക്കയിൽ റോഡ് നിർമിച്ചത്. റോഡ് വന്നതിൽ ഏറെ സന്തോഷിച്ചതും ഇവരായിരുന്നു. ഭിന്നശേഷിക്കാരായ ബാബുവിന്റെയും ബാലന്റെയും കുടുംബം ഉൾപ്പെടെ 25 കുടുംബങ്ങളുടെ ഏകപാതയാണ് കുണ്ടുംകുഴിയും നിറഞ്ഞതായി മാറിയത്.
മഴക്കാലത്ത് റോഡിലെ മണ്ണ് കുത്തിയൊലിച്ച് പോകുന്നതിനു പുറമെ പടിഞ്ഞാറെക്കുഴി മലയിലെ വെള്ളവും റോഡിന്റെ തകർച്ചക്ക് കാരണമായി. വാഹനങ്ങൾപോലും ഓടാൻ മടിക്കുന്ന റോഡിൽ ബാബുവിനും ബാലനും വീട്ടിലെത്തിച്ചേരാൻ ഏറെ പ്രയാസകരമാണ്. രണ്ടുപേരും ഉപജീവനത്തിനായി തൊഴിലിന് പോകുന്നുണ്ടെങ്കിലും നാമമാത്രമായ വേതനമാണ് ലഭിക്കുന്നത്. യാത്രച്ചെലവ് കഴിഞ്ഞാൽ അടുപ്പിൽ തീപുകയണമെങ്കിൽ പിന്നെയും പണം കണ്ടെത്തണം. ബാബുവിന്റെ വീട്ടിലേക്ക് 250 മീറ്ററും ബാലന്റെ വീട്ടിലേക്ക് 350 മീറ്ററുമുണ്ട്. കഴിഞ്ഞ ഭരണസമിതി 130 മീറ്റർ കോൺക്രീറ്റ് ചെയ്തു.
നടക്കാൻ കഴിവുള്ളവർക്ക് മറ്റ് വഴികളിലൂടെ നന്മണ്ട അങ്ങാടിയിലേക്ക് പോവാം. ലീഗൽ സർവിസസിന്റെ ഇടപെടൽ തങ്ങൾക്ക് സുഗമമായൊരു വഴിയൊരുക്കുമെന്ന് കരുതുന്നുവെന്ന് ഇരുവരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.