പട്ടയം കിട്ടിയില്ല; 52 കുടുംബങ്ങൾക്ക് ദുരിത ജീവിതം
text_fieldsബാലുശ്ശേരി: കാന്തലാട് വില്ലേജിലെ 52 കുടുംബങ്ങൾ സർക്കാർ ആനുകൂല്യങ്ങളൊന്നുമില്ലാതെ ദുരിതക്കയത്തിൽ.
താമരശ്ശേരി താലൂക്കിൽ കാന്തലാട് വില്ലേജിലെ തലയാട് താഴെങ്ങാടി, മണ്ടോപ്പാറ, ഒരങ്കോകുന്നു പ്രദേശങ്ങളിലെ നഗറുകളിൽ വർഷങ്ങളായി താമസിച്ചുവരുന്ന 52 കുടുംബങ്ങളാണ് പട്ടയം ലഭിക്കാൻ ഇപ്പോഴും കാത്തിരിക്കുന്നത്.
സർക്കാറുകൾ മാറിമാറി വരുകയും പ്രഖ്യാപനങ്ങൾ നടത്തുകയും ചെയ്തെങ്കിലും ഇതുവരെ ഇവർക്ക് ഭൂമിയുടെ രേഖകൾ ലഭിച്ചിട്ടില്ല. റീസർവേ നടന്നപ്പോൾ പാറ പുറമ്പോക്കു ഭൂമിയായി പരിഗണിക്കപ്പെടുന്ന കാരണത്താൽ ഇവിടെയുള്ള വീടുകൾക്ക് നികുതി അടക്കാനോ പട്ടയമോ ലഭിച്ചിട്ടില്ല. നാല്, അഞ്ച് സെന്റുകൾ വീതം ഭൂമിയുള്ള പലർക്കും ലൈഫ് പദ്ധതിയിൽ വീട് വെക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും പട്ടയമില്ലാത്തതിനാൽ അതും കടലാസിൽ തന്നെയാണ്. സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ജിയോളജി വിഭാഗം സ്ഥലം സന്ദർശിക്കുകയും പാറ ഗുണമേന്മയില്ലാത്തതും ഉപയോഗിക്കാൻ കഴിയാത്തതുമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും താമസക്കാർക്ക് പട്ടയം ലഭിക്കാൻ കാലതാമസം നേരിടുകയാണ്. ഇത് സംബന്ധിച്ച് കെ.എം. സചിൻദേവ് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു.
പട്ടയം നൽകാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് റവന്യു വകുപ്പ് മന്ത്രിസഭയിൽ മറുപടി പറഞ്ഞത്.
കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും ഒട്ടേറെ നാശനഷ്ടങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. തകർന്ന വീടുകൾക്കുള്ളിൽ നരക ജീവിതമാണ് മിക്ക കുടുംബങ്ങളും നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.