കുടിവെള്ളം മലിനമാക്കുന്നുവെന്ന് പരാതി; ഭിന്നശേഷിക്കാരൻ നൽകിയ പരാതിയിൽ ഏഴു വർഷത്തിനുശേഷം നടപടി
text_fieldsബാലുശ്ശേരി: കുടിവെള്ളം മലിനപ്പെടുത്തുന്നതിനെതിരെ ഭിന്നശേഷിക്കാരൻ നൽകിയ പരാതിയിൽ ഏഴുവർഷത്തിനു ശേഷം പരിഹാരം. വീടിനു സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം കാരണം വീട്ടുമുറ്റത്തെ കിണർ മലിനമാകന്നതിനെതിരെ ഭിന്നശേഷിക്കാരനായ പറമ്പിൻ മുകൾ മാടോത്ത് ബീരാൻ 2017ൽ ബാലുശ്ശേരി പഞ്ചായത്ത് അധികൃതർക്ക് നൽകിയ പരാതിയിലാണ് ഏഴു വർഷത്തിനു ശേഷം പരിഹാരമുണ്ടായത്.
പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന അദാലത്തിലാണ് സെപ്റ്റിക് ടാങ്ക് ഏഴു ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത്. സ്വകാര്യ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് കാരണം കിണറിലെ കുടിവെള്ളം മലിനമാകുന്നതു സംബന്ധിച്ച് 2017ൽ ബീരാൻ ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരുന്നു. കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കാതെയാണ് സെപ്റ്റിക് ടാങ്ക് നിർമിച്ചിട്ടുള്ളതെന്നും കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ നിശ്ചിത അകലം പാലിച്ചിട്ടില്ലെന്നുമായിരുന്നു പരാതി. പ്ലാനും പെർമിറ്റും റദ്ദ് ചെയ്യാൻ അയൽവാസിയുടെ മറ്റൊരു പരാതിയും ഇപ്പോൾ നിലവിലുണ്ട്.
കെട്ടിട ഉടമക്കെതിരെയും തെറ്റായി പ്ലാൻ വരച്ച് സമർപ്പിച്ച എൻജിനീയർക്കെതിരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ നിസ്സംഗതക്കെതിരെ 2018 ൽ ബീരാൻ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഏകദിന നിരാഹാര സമരമടക്കമുള്ള പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതൊന്നും പഞ്ചായത്തധികൃതർ ചെവിക്കൊണ്ടില്ല.
ഇതിനിടെ, വയോധികനായ ബീരാൻ കിടപ്പിലാകുകയും ചെയ്തു. ഏഴുവർഷം പിന്നിട്ടിട്ടും ഒരു നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബീരാന്റെ ഭാര്യ ആമിന മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണിപ്പോൾ ബാലുശ്ശേരി പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചത്. പഞ്ചായത്ത് എൻജിനീയർ വിഭാഗവും ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലം പരിശോധിച്ച് പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സെപ്റ്റിക് ടാങ്ക് പൊളിച്ചുമാറ്റാനുള്ള ഉത്തരവിട്ടത്. കഴിഞ്ഞ മാസം 24ന് പൊളിച്ചുനീക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, നടപടി വൈകുന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസിൽ നടന്ന അദാലത്തിൽ ബീരാന്റെ ഭാര്യ ആമിന വീണ്ടും പരാതി നൽകുകയും ഏഴു ദിവസത്തിനുള്ളിൽ സെപ്റ്റിക് ടാങ്ക് പൊളിച്ചുനീക്കാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.