കിനാലൂരിലെ എയിംസ് സ്വപ്നം വീണ്ടും കോൾഡ് സ്റ്റോറേജിലേക്ക്
text_fieldsബാലുശ്ശേരി: കിനാലൂരിലെ ‘എയിംസ് സ്വപ്നം’ വീണ്ടും കോൾഡ് സ്റ്റോറേജിലേക്ക്. കേരളത്തിൽ എയിംസ് നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതോടെ കിനാലൂരിലെ എയിംസ് സ്വപ്നത്തിന് വീണ്ടും തിരിച്ചടിയായി.
കേരളത്തിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ ജില്ലയിലെ കിനാലൂരിലായിരിക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യ മന്ത്രിയും കിനാലൂരിൽ തന്നെയാണ് എയിംസ് സ്ഥാപിക്കാനുള്ള സാധ്യതയെന്നും പ്രഖ്യാപിക്കുകയുണ്ടായി.
എയിംസ് സാധ്യത കണക്കിലെടുത്ത്, കിനാലൂരിൽ വ്യവസായ വികസന വകുപ്പിന് കീഴിലുള്ള 150 ഏക്കർ സ്ഥലം ആരോഗ്യ വകുപ്പിന് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്. ഭാവിയിലെ വികസനം കൂടി കണക്കിലെടുത്ത് സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 40.68 ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരുകയാണ്. നാട്ടുകാർ ഒന്നടങ്കം എയിംസിനായി ഏതു ത്യാഗവും സഹിക്കാൻ തയാറായി രംഗത്തുവരുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം വൃഥാവിലായിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഭിപ്രായം വന്നതോടെ.
സ്ഥലം നിർദേശിച്ചുള്ള കേരളത്തിന്റെ ശിപാർശകൾ അംഗീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പർവിൻ പവാർ അറിയിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷ യോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ കേരളം പരിഗണനയിലില്ലെന്നുമാണ് പാർലമെന്റിൽ എം.പിമാരായ എം.കെ. രാഘവന്റെയും അബ്ദുൽ സമദ് സമദാനിയുടെയും ചോദ്യങ്ങൾക്കു മറുപടിയായി കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചത്. കേരളത്തിൽ എയിംസ് ആരംഭിക്കുന്ന കാര്യത്തിൽ രാഷ്ട്രീയപരമായി കേരളത്തിലെ ബി.ജെ.പി നേതൃത്വവും ഇപ്പോൾ രണ്ടുതട്ടിലാണ്. കാസർകോടും പാലക്കാടും എയിംസിനായി രംഗത്തുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എയിംസ് കാസർകോട് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ഈയൊരാഗ്രഹം ഉയർന്നിട്ടുള്ളത്. നേരത്തെ സംസ്ഥാന സർക്കാർ പ്രതിനിധിയായ പ്രഫ. കെ.വി.തോമസ് കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്ത് നൽകിയത് ഏറെ ചർച്ചയായിരുന്നു.
ഇതിനു കാരണമായി കത്തിൽ പറഞ്ഞത് കാസർകോട് ചികിത്സാ സൗകര്യങ്ങൾ നന്നേ കുറഞ്ഞ പിന്നാക്ക ജില്ലയാണെന്നും ജനിതക വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്ക് ഏറെ സഹായകരമാകുമെന്നുമായിരുന്നു.
സാമൂഹിക പ്രവർത്തക ദയാബായിയടക്കമുള്ളവർ ഇതേ ആവശ്യമുന്നയിച്ച് അനിശ്ചിതകാല സമരങ്ങളും നടത്തുകയുണ്ടായി. പാലക്കാട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിനെ സമീപിക്കുകയും കൺവെൻഷനടക്കം വിളിച്ചു ചേർക്കുകയും ജനകീയ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്ട് എയിംസ് വന്നാൽ രാഷ്ട്രീയപരമായി തങ്ങൾക്ക് ഗുണകരമാവില്ലെന്നാണ് ബി.ജെ.പി പാലക്കാട് നേതൃത്വം കരുതുന്നത്. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് എയിംസ് കോഴിക്കോടിനു തന്നെയെന്നുകാണിച്ച് ബി.ജെ.പി ജില്ല കമ്മിറ്റി ഏതാനും മാസം മുമ്പ് പോസ്റ്റർ അടക്കം ഇറക്കിയതും ബി.ജെ.പിയുടെ എയിംസ് വടം വലിയുടെ ദൃഷ്ടാന്തമായിരുന്നു.
കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയുടെ വടംവലിയിൽ കേരളത്തിലെ എയിംസ് സ്വപ്നം വീണ്ടും നീണ്ടുപോവുകയാണ്. ഏറെക്കാലം ഇതേ നിലപാട് തുടരാൻ കഴിയില്ലെന്നും സമീപ ഭാവിയിൽത്തന്നെ കേരളത്തിന് അർഹതപ്പെട്ട എയിംസ് അനുവദിക്കപ്പെടുമെന്നുമാണ് ബാലുശ്ശേരി എം.എൽ.എ കെ.എം. സചിൻ ദേവ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.