എയിംസ്: ഏറ്റെടുത്ത ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി
text_fieldsബാലുശ്ശേരി: എയിംസിനായി കിനാലൂർ, കാന്തലാട് വില്ലേജുകളിലായി ഏറ്റെടുത്ത 61.34 ഹെക്ടർ ഭൂമി മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കൈമാറി ഉത്തരവിറക്കി.സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ കീഴിൽ താമരശ്ശേരി താലൂക്കിൽ കിനാലൂർ വില്ലേജിലെ റിസർവേ 108ൽപെട്ട 39.3352 ഹെക്ടർ ഭൂമിയും കാന്തലാട് വില്ലേജിൽ കിനാലൂർ ദേശത്ത് 22.0072 ഹെക്ടർ ഭൂമിയും ഉൾപ്പെടെ ആകെ 61.3424 ഹെക്ടർ ഭൂമിയാണ് എയിംസ് സ്ഥാപിക്കുന്നതിന് കൈവശാവകാശം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറി നൽകി ഉത്തരവായത്.
20.32 കോടി രൂപ ന്യായവില നിശ്ചയിച്ചിട്ടുള്ള ഈ സ്ഥലം സൗജന്യമായി കൈമാറാനാണ് സർക്കാർ നിർദേശം. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് പാട്ടമായി നൽകിയ രണ്ട് ഹെക്ടർ ഭൂമികൂടി ഉൾപ്പെടുന്നതാണ് കിനാലൂരിലെ ഭൂമി. അനുവദിച്ച ആവശ്യത്തിനു മാത്രമേ ഭൂമി വിനിയോഗിക്കാവൂ എന്നും മരങ്ങൾ മുറിക്കാൻ പാടില്ലെന്നും മുറിക്കേണ്ടി വന്നാൽ റവന്യൂ അധികാരികളുടെ അനുവാദം വാങ്ങണമെന്നും നിർദേശമുണ്ട്. മുറിക്കുന്നതിന്റെ മൂന്നിരട്ടി എണ്ണം വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കണമെന്നും നിർദേശിച്ചു.
എയിംസ് അനുവദിച്ചാൽ അത് കോഴിക്കോട് കിനാലൂരിലായിരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേതന്നെ നിയമസഭയിലടക്കം പ്രസ്താവിച്ചതാണ്. എയിംസിനായി കോഴിക്കോട് കിനാലൂരിൽ ആവശ്യമായ ഭൂമി ലഭ്യമാക്കിയ വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ കത്തിലൂടെ അറിയിക്കുകയും എയിംസ് അടിയന്തരമായി അനുവദിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശം നേരത്തേ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കൈമാറിയതിന്റെ സർക്കാർ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്. ഭാവി വികസനം കൂടി കണക്കിലെടുത്ത് 40.62802 ഹെക്ടർ ഭൂമികൂടി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനുള്ള നടപടികളും പൂർത്തിയായി വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.