ബാലുശ്ശേരിക്ക് നഷ്ടമായത് ടൗണിന്റെ വികസന ആസൂത്രകനെ
text_fieldsബാലുശ്ശേരി: ബാലുശ്ശേരിക്ക് നഷ്ടമായത് ടൗണിന്റെ വികസന ആസൂത്രകനെ. ബാലുശ്ശേരി ടൗണിനെ ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ടൗൺ ആസൂത്രകനായിരുന്നു ബുധനാഴ്ച ബാലുശ്ശേരിയിൽ നിര്യാതനായ ഹാജി പി. സെയ്തുമുഹമ്മദ്.
ഓടുമേഞ്ഞ പഴയ കെട്ടിടങ്ങൾ നിറഞ്ഞ് ചെറിയ അങ്ങാടിയായിരുന്ന ബാലുശ്ശേരിയെ ആധുനികരീതിയിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ പട്ടണമാക്കി മാറ്റുന്നതിൽ സെയ്തുമുഹമ്മദ് ഹാജിയുടെ ദീർഘവീക്ഷണവും കർമകുശലതയും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.
ബാലുശ്ശേരിയിലെ ആദ്യകാല പൗരപ്രമുഖനായിരുന്ന കൊല്ലങ്കണ്ടി മമ്മു സാഹിബിന് പോസ്റ്റ് ഓഫിസ് റോഡ് മുതൽ ഹൈസ്കൂൾ റോഡ് വരെ ഉണ്ടായിരുന്ന ഭൂമിയിൽ മാർക്കറ്റും സ്കൂളും അടക്കമുള്ള ഒട്ടേറെ കെട്ടിടസമുച്ചയങ്ങൾ പണിതത് സെയ്തുമുഹമ്മദ് ഹാജിയുടെ നേതൃത്വത്തിലായിരുന്നു.
ബാലുശ്ശേരിയിൽ ആദ്യമായി ഹരിതാഭയാർന്ന ഓഡിറ്റോറിയം ഗ്രീൻ അരീന എന്ന പേരിൽ സ്ഥാപിച്ചതിനു പിറകിലും സെയ്തുമുഹമ്മദ് ഹാജിയുടെ കരസ്പർശമുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ കെട്ടിടസൗകര്യം ഒരുക്കിക്കൊടുക്കുന്നതിലും ബദ്ധശ്രദ്ധ ചെലുത്തി.
ഗവ. എൽ.പി സ്കൂൾ, സബ് രജിസ്ട്രാർ ഓഫിസ്, പോസ്റ്റ് ഓഫിസ്, പഞ്ചായത്ത് പാർക്ക്, മാവേലി സ്റ്റോർ, കെ.എസ്.ഇ.ബി ഓഫിസ് എന്നിവക്കെല്ലാം ആവശ്യമായ കെട്ടിടസൗകര്യം ഒരുക്കിക്കൊടുത്തു. ബാലുശ്ശേരിയിലെ കല-കായിക-സാംസ്കാരിക രംഗങ്ങളിലും സെയ്തുമുഹമ്മദിന് തന്റേതായ ഒരിടമുണ്ടായിരുന്നു.
മലബാറിലെ വോളിബാളിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഒരു കാലത്ത് ബാലുശ്ശേരി. ബാലുശ്ശേരി മാർക്കറ്റിനടുത്ത് പ്രത്യേക കളി ഗ്രൗണ്ട് നിർമിച്ച് വർഷംതോറും വോളിബാൾ ടൂർണമെന്റുകൾ നടത്തുന്നതിൽ സെയ്തുമുഹമ്മദ് ഹാജിയും സഹോദരങ്ങളായ അബ്ദു റഹീമും ബഷീർ അഹമ്മദും അബ്ദുൽ സമദും മുൻപന്തിയിലുണ്ടായിരുന്നു.
അന്തർദേശീയ താരമായിരുന്ന ജിമ്മി ജോർജിനെയും ജോസ് ജോർജിനെയും മൂസ, മൊയ്തു, സെബാസ്റ്റ്യൻ എന്നിവരെയും ലോകമറിയുന്ന താരങ്ങളാക്കിയതിനു പിറകിൽ സെയ്തുമുഹമ്മദിന്റെ വിയർപ്പുമുണ്ട്. ഇവരോടൊപ്പമായിരുന്നു മാർക്കറ്റിലെ ഗ്രൗണ്ടിൽ കളിച്ചുവളർന്നത്.
ഒട്ടേറെ ദേശീയ താരങ്ങൾ ബാലുശ്ശേരിയിലെത്തി ഇവരുടെ കൂട്ടുകെട്ടിൽ വളർന്നിട്ടുണ്ട്. 70കളിൽ പിന്നണിഗായകനായ യേശുദാസിനെ ആദ്യമായും അവസാനമായും ബാലുശ്ശേരിയിലെത്തിച്ച് ഗംഭീര ഗാനമേള നടത്തിയതും സെയ്തുമുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു.
66-67 കാലഘട്ടത്തിൽ ഫാറൂഖ് കോളജിലെ ഫുട്ബാൾ ടീം അംഗമായിരുന്ന സെയ്തുമുഹമ്മദ് മികച്ച ഫോർവേഡ് കളിക്കാരനായിരുന്നു. അക്കാലത്ത് നടന്ന ഇന്റർ കൊളീജിയറ്റ് ഫുട്ബാൾ മത്സരത്തിലെല്ലാം സെയ്തുമുഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നടന്ന മത്സരത്തിൽ ക്രൈസ്റ്റ് കോളജിനെതിരെ ആദ്യ ഗോളടിച്ച് ഫാറൂഖ് കോളജിനെ വിജയകിരീടം ചൂടിച്ച മികവും സെയ്തു ഹാജിക്കുണ്ട്. ഫിലിപ് എന്ന രാജ്യാന്തര കളിക്കാരനെ ആദ്യമായി കോഴിക്കോട്ട് കൊണ്ടുവന്നു കളിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ബാലുശ്ശേരിയിൽ ആദ്യമായി രൂപവത്കരിച്ച ബ്രദേഴ്സ് ക്ലബ് പിന്നീട് സ്പാർട്ടക്സ്, മിറാഷ് എന്നീ പേരിലറിയപ്പെടുകയും സംസ്ഥാന വോളിബാൾ മത്സരങ്ങൾക്ക് ചുക്കാൻപിടിക്കുകയുമുണ്ടായി. ദീർഘകാലം ബാലുശ്ശേരി മഹല്ല് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ബാലുശ്ശേരി പാലിയേറ്റിവ് സൊസെറ്റി രൂപവത്കരിച്ച് സന്നദ്ധ സേവന പ്രവർത്തനരംഗത്തും സെയ്തു ഹാജി മികവുകാട്ടി. രണ്ടു വർഷമായി അസുഖത്തെ തുടർന്നു വീട്ടിൽതന്നെ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
അനുശോചനമറിയിക്കാൻ നിരവധി പേർ വീട്ടിലെത്തി. പി.ടി. ഉഷ എം.പി, കെ.പി.എ. മജീദ് എം.എൽ.എ, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, ജന. സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറി അബ്ദുറഹ്മാൻ പാലത്ത്, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജൻ, ആർ.എസ്.എസ് പ്രാന്തീയ മുഖ് പി. ഗോപാലൻകുട്ടി മാസ്റ്റർ, മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക്, എൻ.സി.പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, ജോസ് ജോർജ് ഐ.പി.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവർ അനുശോചനമറിയിച്ചു.
ബാലുശ്ശേരിയിൽ രാവിലെ മുതൽ വൈകീട്ട് ആറു വരെ കടകളടച്ച് ഹർത്താലാചരിച്ചു. വൈകീട്ട് ബാലുശ്ശേരിമുക്ക് ജുമാ മസ്ജിദിലെ ഖബറടക്കത്തിനുശേഷം സർവകക്ഷി അനുശോചന യോഗവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.