നവകേരള സദസ്സിന് സ്വാഗതമോതാൻ ബാലുശ്ശേരി ടൗൺ ഒരുങ്ങുന്നു
text_fieldsബാലുശ്ശേരി: നവകേരള സദസ്സിലേക്കെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാനായി ബാലുശ്ശേരിയും ഒരുങ്ങുന്നു. ബാലുശ്ശേരി ടൗൺ ദീപാലംകൃതമാക്കിക്കൊണ്ട് സ്വാഗത കമാനങ്ങളും ബാനറുകളും ബോർഡുകളും ടൗണിൽ നിറഞ്ഞുകഴിഞ്ഞു.
ടൗണിലെ ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനലിന്റെ പ്രവേശന കവാടവും എം.എൽ.എയുടെ ഓഫിസടക്കമുള്ള ബസ് സ്റ്റാൻഡ് കെട്ടിടവും ദീപാലംകൃതമാക്കിയിട്ടുണ്ട്.
സ്റ്റാൻഡിനു തൊട്ടുസമീപത്തായുള്ള മണ്ഡലം നവകേരള സദസ്സ് സംഘാടക ഓഫിസും വർണാഭമാർന്ന ലൈറ്റുകളാൽ അലങ്കരിച്ചിട്ടുണ്ട്. 25ന് വൈകീട്ട് മൂന്നിന് ബാലുശ്ശേരി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് നവകേരള സദസ്സ് നടക്കുക. ഇവിടത്തെ ഒരുക്കങ്ങളും നടന്നുവരുകയാണ്.
മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരെയും കൊണ്ടെത്തുന്ന പ്രത്യേകം സജ്ജമാക്കിയ ബസിന് ബാലുശ്ശേരിയിൽനിന്നും ഹൈസ്കൂൾ റോഡിലൂടെ ഗ്രൗണ്ടിലെത്താനുള്ള സൗകര്യം മനസ്സിലാക്കാനായി കഴിഞ്ഞ ദിവസം കെ.യു.ആർ.ടി.സിയുടെ ലോ ഫ്ലോർ ബസ് ട്രയൽറൺ നടത്തുകയുണ്ടായി. സ്ഥലം എം.എൽ.എ കെ.എം. സചിൻദേവ്, മണ്ഡലം കോഓഡിനേറ്റർ ഇസ്മായിൽ കുറുമ്പൊയിൽ, മണ്ഡലം നോഡൽ ഓഫിസർ ജയകൃഷ്ണൻ കെ.എ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
പേരാമ്പ്ര നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഭാഗമായി നവംബർ 24ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുഴുവൻ വാഹനങ്ങളും കല്ലോട് ബൈപാസ് ജങ്ഷനിൽനിന്നും ബൈപാസ് റോഡ് വഴി കടന്നു പോകേണ്ടതാണ്.
ഈ ഭാഗത്തുനിന്നും നവകേരള സദസ്സിനായി വരുന്ന എല്ല വാഹനങ്ങളും പേരാമ്പ്ര മാർക്കറ്റ്, മേപ്പയൂർ റോഡ് ജങ്ഷൻ വഴി പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ആളെ ഇറക്കേണ്ടതും ബസുകൾ മുന്നോട്ടുപോയി എരവട്ടൂർ മൊട്ടന്തറ റോഡ് ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ്ര ബൈപാസിൽ ഇടതുവശത്തായി പാർക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കക്കാട് ബൈപാസ് ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ് ബൈപാസ് റോഡ് വഴി കടന്നുപോകണം.
മേപ്പയൂർ ഭാഗത്തുനിന്നുള്ള ലൈൻ ബസുകൾ ഉച്ചക്ക് ഒരു മണിമുതൽ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപം ആളെ ഇറക്കി തിരിച്ചു പോകേണ്ടതാണ്. ചെറുവാഹനങ്ങൾ കോർട്ട് റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കേണ്ടതാണ്. വലിയ വാഹനങ്ങൾ വാല്യക്കോട് കനാൽ റോഡ്, ചേനോളി റോഡ് വഴി പോകേണ്ടതാണ്. ചാനിയം കടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മൊട്ടന്തറ ചേനായി റോഡ് ജങ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പോകണം.
നവകേരള സദസ്സിനായി കുറ്റ്യാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പേരാമ്പ്ര ടൗൺ, മേപ്പയൂർ റോഡ് ജങ്ഷൻ വഴിയും കോഴിക്കോട്ടുനിന്നുള്ള വാഹനങ്ങൾ പേരാമ്പ്ര ടൗൺ, മേപ്പയൂർ റോഡ് ജങ്ഷൻ വഴിയും പേരാമ്പ്ര ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തെത്തി ആളെ ഇറക്കണം. മേപ്പയ്യൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്ത് ആളെ ഇറക്കണം.
ശേഷം ബസുകൾ മുന്നോട്ടുപോയി എരവട്ടൂർ മൊട്ടന്തറ റോഡ് ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചേനായി റോഡ് വഴി പേരാമ്പ്ര ബൈപാസിൽ ഇടതുവശത്തായി പാർക്ക് ചെയ്യണം. ചാനിയം കടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മൊട്ടന്തറ ചേനായി റോഡ് ജങ്ഷനിൽ ആളെ ഇറക്കി ബൈപാസിൽ സമാന രീതിയിൽ പാർക്ക് ചെയ്യണം.
നവകേരളസദസ്സിനായി വരുന്ന ഇരുചക്ര വാഹനങ്ങൾ ഹൈസ്കൂൾ റോഡിലുള്ള പാർക്കിങ് ഗ്രൗണ്ട് ഒന്നിലും രണ്ടിലും മറ്റു ചെറു വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ട് മൂന്നിലും പാർക്ക് ചെയ്യേണ്ടതാണ്. ഉച്ചക്ക് 1.30 വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന പൊതു സ്വകാര്യ വാഹനങ്ങൾക്ക് പേരാമ്പ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
നവംബർ 24 ന് ഉച്ചക്ക് രണ്ട് മുതൽ ചാനിയം കടവ് വടകര റൂട്ടിൽ ഗതാഗത ക്രമീകരണം ഉണ്ടാവും. നവകേരള യാത്ര കടന്നുപോകുന്ന വഴിയിൽ കല്ലോട് മുതൽ പേരാമ്പ്ര മാർക്കറ്റ്, മേപ്പയ്യൂർ റോഡ് ജങ്ഷൻ, ഹൈസ്കൂൾ റോഡ്, എരവട്ടൂർ കനാൽമുക്ക് വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
കിഴിഞ്ഞാണ്യം ക്ഷേത്രം, ശിശുമന്ദിരം റോഡ്, അഡ്വ. രാജേഷിന്റെ വീട്, എന്നിവക്ക് സമീപം പാർക്കിങ് സൗകര്യം ഒരുക്കുക. ബസുകൾ പേരാമ്പ്ര ബൈപാസിന്റെ കിഴക്കുവശം റോഡ് മാർജിനിൽ നിർത്തിയിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.