ബാലുശ്ശേരി ഗവ. കോളജ് രണ്ടാംഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു
text_fieldsബാലുശ്ശേരി: ബാലുശ്ശേരി ഗവ. കോളജ് രണ്ടാം ഘട്ട പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. കിനാലൂരിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി അംബേദ്കർ മെമ്മോറിയൽ ഗവ. കോളജിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്നും 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ അക്കാദമിക് ബ്ലോക്കിന്റെ പണിയാണ് മന്ദഗതിയിൽ നീങ്ങുന്നത്. പ്ലാസ്റ്ററിങ്ങും ഫ്ലോറിന്റെ പണിയും പൂർത്തിയാക്കാനുണ്ട്. ഹോസ്റ്റൽ, കാന്റീൻ എന്നിവയുടെ പണി പൂർത്തിയായെങ്കിലും വൈദ്യുതി കണക്ഷനും വെള്ളവും ലഭ്യമാക്കിയിട്ടില്ല. അതിനാൽ കെട്ടിടം കോളജിനു കൈമാറിയിട്ടുമില്ല.
30 പേർക്ക് താമസിക്കാവുന്ന സൗകര്യത്തോടെയാണ് ഹോസ്റ്റൽ പണിതിട്ടുളളത്. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്ന വിദ്യാർഥികൾ വാടകക്ക് താമസിച്ചാണ് പഠിക്കുന്നത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി കോളജിനു കൈമാറിയാൽ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും. വ്യവസായ വകുപ്പിൽനിന്നും ലഭിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. 2019ൽ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 4.20 കോടി രൂപയും വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള 1.5 കോടി രൂപയും ചെലവിട്ടാണ് കോളജിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്.
ഒമ്പത് ക്ലാസ് മുറികളും ഓഫിസ്, ലൈബ്രറി, ലാബ് എന്നിവയുമാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. കോളജിന് കളിസ്ഥലമില്ലാത്തതും മറ്റൊരു ന്യൂനതയാണ്. കോളജിലെ കായിക പരിപാടികൾക്കായി തൊട്ടടുത്തുള്ള ഉഷ സ്കൂൾ ഗ്രൗണ്ടാണ് ഉപയോഗിച്ചു വരുന്നത്. കോളജിലേക്ക് ബസ് സർവിസ് ഇല്ലാത്തതും തകർന്ന റോഡും വിദ്യാർഥികൾക്ക് ദുരിതമാകുകയാണ്. ബാലുശ്ശേരിയിൽനിന്നുള്ള സ്വകാര്യ ബസുകൾ കിനാലൂർ ഏഴുകണ്ടിവരെ മാത്രമാണ് സർവിസ് നടത്തുന്നത്.
ഇവിടെനിന്നും രണ്ടു കിലോമീറ്ററോളം നടന്നു വേണം വിദ്യാർഥികൾക്ക് കോളജിലെത്താൻ. ബസ് സർവിസ് കോളജുവരെ നീട്ടണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും, ജില്ല കലക്ടർക്കും ആർ.ടി.ഒക്കും നിവേദനം നൽകിയെങ്കിലും നടപടി എടുത്തിട്ടില്ല. രണ്ടാംഘട്ട പ്രവൃത്തി പൂർത്തിയാകുന്നതോടെ പുതിയ ബിരുദ, ബിരുദാനന്തര കോഴ്സുകളും ഇവിടെ തുടങ്ങുമെന്ന പ്രതീക്ഷയിലാണ്. നിലവിൽ ബി.എ, ബി കോം, ബി.എസ്.സി, എം.എ കോഴ്സുകൾ ഇവിടെ നടക്കുന്നുണ്ട്. അഞ്ഞൂറിലധികം വിദ്യാർഥികളും, എട്ട് ഗെസ്റ്റ് ലക്ചർമാരടക്കം 20 അധ്യാപകരും 11 ജീവനക്കാരും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.