നിർമാണം പൂർത്തിയായ ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയം ചോരുന്നു
text_fieldsബാലുശ്ശേരി: അഞ്ചു വർഷം മുമ്പ് പണി പൂർത്തിയായിട്ടും ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം കായികപ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിഞ്ഞില്ല. ഒന്നരക്കോടിയിലേറെ രൂപ മുടക്കി നിർമിച്ച ബാലുശ്ശേരി ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാൻ കഴിയാതെ നശിക്കുന്ന അവസ്ഥയിലാണിപ്പോൾ. ഉദ്ഘാടനത്തിനു മുമ്പേ ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് സ്റ്റേഡിയം അടച്ചിട്ട നിലയിലായത്. എട്ടുവർഷം മുമ്പാണ് ബാലുശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം ഇൻഡോർ സ്റ്റേഡിയത്തിന് തുടക്കംകുറിച്ചത്.
ബാലുശ്ശേരിയിലെ കായികപ്രേമികളുടെ ചിരകാല സ്വപ്നമായിരുന്നു ഇത്. മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ഒരു കോടിയിലേറെ രൂപ ഇതിനായി അനുവദിച്ചു. ടി.എൻ. സീമ എം.പി 25 ലക്ഷം രൂപയും സ്റ്റേഡിയം നിർമാണത്തിന് അനുവദിച്ചിരുന്നു.
ഈ തുക ഉപയോഗിച്ച് സ്റ്റേഡിയത്തിന്റെ മുന്നിൽ കവാടം നിർമിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല. കവാടവും നശിക്കുകയാണ്. ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലായി മരത്തിന്റെ പാനൽ വിരിക്കാൻ പഞ്ചായത്തും പലതവണ ഫണ്ട് വകയിരുത്തി. ഒന്നരക്കോടിയിലേറെ രൂപ ഇതിനകംതന്നെ സ്റ്റേഡിയത്തിന് ചെലവഴിച്ചിട്ടും ഉദ്ഘാടനം പോലും നടത്താൻ പറ്റാത്ത അവസ്ഥയിലാണ്.
നിർമാണത്തിലെ അപാകതയാണ് ചോർന്നൊലിക്കാൻ കാരണമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പൊതുപ്രവർത്തകനായ മനോജ് കുന്നോത്ത് സ്റ്റേഡിയം നിർമാണത്തിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണം നടന്നു. ഇൻഡോർ സ്റ്റേഡിയത്തിനു മുകളിൽ അലൂമിനിയം ഷീറ്റ് വിരിച്ചതിലുണ്ടായ അപാകതയാണ് ചോർച്ചക്ക് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മാറ്റിപ്പണിയാൻ 10 ലക്ഷത്തോളം രൂപ വീണ്ടും ചെലവിടേണ്ടിവരുമത്രെ. ഇതിനായി ഫണ്ട് കണ്ടെത്തിയാൽ മാത്രമേ ഇൻഡോർ സ്റ്റേഡിയം യാഥാർഥ്യമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.