വിനോദ സഞ്ചാരികൾക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റിനടുത്ത് വിനോദ സഞ്ചാരികൾക്കുനേരെ കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഡാം സെറ്റ് കാണാനെത്തിയ ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീതു ഏലിയാസിന്റെ പരിക്ക് ഗുരുതരമാണ്. വാരിയെല്ലിന് പൊട്ടലുണ്ട്. തലക്കും പരിക്കുണ്ട്.
കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ പള്ളിപ്പെരുന്നാളിന് വിരുന്നെത്തി, ഡാം സെറ്റ്കാണാനെത്തിയ ആറംഗ സംഘത്തിൽപ്പെട്ട അമ്മയും മകളുമാണ് ആക്രമണത്തിന് ഇരയായത്. ഡാം സൈറ്റിനടുത്ത് ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ പാർക്കിനു സമീപം നിന്നിരുന്ന സംഘത്തെ തൊട്ടടുത്ത വനത്തിൽനിന്നും പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുഖമടിച്ച് വീണാണ് മകൾക്ക് പരിക്കേറ്റത്. നിലവിളി കേട്ട് സമീപത്തുതന്നെയുള്ള ഫോറസ്റ്റ് ക്യാമ്പ് ഓഫിസിൽനിന്ന് വനം വകുപ്പ് ജീവനക്കാർ ഓടിയെത്തിയാണ് കാട്ടുപോത്തിനെ വനത്തിലേക്കുതന്നെ ഓടിച്ചുവിട്ടത്. വെള്ളിയാഴ്ച രാത്രി മുതൽ ഒരു കാട്ടുപോത്ത് ഡാം സൈറ്റ് പരിസരത്ത് ഉണ്ടായിരുന്നതായി വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. കക്കയം ഡാം സെറ്റ് പരിസരത്ത് എത്തുന്ന സഞ്ചാരികൾക്ക് ഒരു സുരക്ഷ സംവിധാനവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. ഡാം സെറ്റിലെ വിനോദ സഞ്ചാര പദ്ധതികൾ വനം വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായാണ് നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.