ബാലുശ്ശേരി ഗവ.ഗേൾസ് സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പഠിക്കാം
text_fieldsബാലുശ്ശേരി: ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പഠിക്കാം. ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി.
നിലവിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പെൺകുട്ടികൾ മാത്രവും ഹയർ സെക്കൻഡറി വിഭാഗത്തിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചുമാണ് പഠിക്കുന്നത്. ഇവിടെയുള്ള യു.പി, എച്ച്.എസ് വിഭാഗത്തിൽ ആൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതരും പി.ടി.എയും സർക്കാറിന് നിവേദനം നൽകിയിരുന്നു.
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന്റെയും ലിംഗസമത്വം ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായാണ് ഗേൾസ് സ്കൂളിൽ ആൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്.
യൂനിഫോം ഏകീകരണവുമായി ബന്ധപ്പെട്ട ജൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ ബാലുശ്ശേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. 40 വർഷത്തോളമായി പെൺകുട്ടികൾ മാത്രമാണ് ഇവിടെ പഠിച്ചത്.
നേരത്തേയുണ്ടായിരുന്ന ബാലുശ്ശേരി ഗവ. ഹൈസ്കൂൾ 1984 ലാണ് ബോയ്സ് സ്കൂളും ഗേൾസ് സ്കൂളുമായി വിഭജിച്ചത്. പെൺകുട്ടികൾ മാത്രമുള്ള യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തോളം വിദ്യാർഥിനികൾ പഠിക്കുന്നുണ്ട്.
ഹയർ സെക്കൻഡറിയിൽ 500 ഓളം വിദ്യാർഥികളുമുണ്ട്. തൊട്ടടുത്തുള്ള ബോയ്സ് ഹൈസ്കൂളിൽ കഴിഞ്ഞവർഷം മുതൽ പെൺകുട്ടികൾക്കു പ്രവേശനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.