ആടുകൾക്കുമുണ്ട് ചന്ദ്രൻ വക പ്ലാവില കിറ്റ്
text_fieldsനന്മണ്ട: കോവിഡ് ചികിത്സയിലുള്ള കുടുംബത്തിലെ ആടുകൾക്ക് 'അന്നദാതാവായി' ഒരു മൃഗസ്നേഹി. കൂളിപ്പൊയിലിലെ കണ്ടി കുന്നുമ്മൽ ചെറാങ്കര സ്വദേശി ചന്ദ്രനാണ് നൂറുക്കണക്കിന് ആടുകൾക്ക് തീറ്റ നൽകിയത്. മനുഷ്യർക്ക് സർക്കാർ കിറ്റുണ്ട്. ഉദാരമതികളുടെ സഹായ സഹകരണവുമുണ്ട്. എന്നാൽ ആട് ഫാം നടത്തുന്നവരും വീടുകളിൽ ആടിനെ വളർത്തുന്നവരും കോവിഡ് ചികിത്സയിലായാൽ ആടുകൾക്ക് ഭക്ഷണംപോലും കിട്ടാത്ത അവസ്ഥയാണ്.
ഇതൊക്കെ കണക്കിലെടുത്താണ് ചന്ദ്രെൻറ സൗജന്യ സേവനം. തെങ്ങുകയറ്റത്തൊഴിലാളിയായതിനാൽ നേരം വെളുക്കുമ്പോൾതന്നെ തൊഴിലിന് ഇറങ്ങും. മൊബൈലിൽ ആരെങ്കിലും വിളിച്ചാൽ വീട്ടുകാർ അവരുടെ പേര്, സ്ഥലം എന്നിവ കുറിച്ചുവെക്കും. വീട്ടിലെത്തിയാൽ കടലാസിലെഴുതിയ നമ്പർ ചന്ദ്രന് വീട്ടുകാർ കൈമാറും. എല്ലാവരെയും ഒരുവട്ടം വിളിക്കും. പിന്നെ ചായ, അതുകഴിഞ്ഞ് തെങ്ങിൽ നിന്നും പ്ലാവിലേക്കുള്ള യാത്ര.
വെട്ടിയിറക്കി കെട്ടാക്കി സമയം കളയാതെ പിന്നെ ചന്ദ്രൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. പ്ലാവുള്ള വീട്ടുടമസ്ഥനും പൂർണ സംതൃപ്തി. ആരിൽനിന്നും ഒരു പ്രതിഫലവും വാങ്ങില്ല. വീട്ടുകാർ ചായക്ക് ക്ഷണിച്ചാൽപോലും സ്നേഹത്തോടെ നിരസിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.