ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം
text_fieldsബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം ജീവനക്കാർ തമ്മിൽ സംഘർഷം വർധിക്കുന്നു. മത്സരയോട്ടത്തിൽ അഞ്ച് മിനിറ്റിന്റെയോ പത്തു മിനിറ്റിന്റെയോ വ്യത്യാസത്തിൽ എത്തുന്ന ബസുകളെച്ചൊല്ലി ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ജീവനക്കാർ തമ്മിൽ സംഘർഷം പതിവാണ്.
ബസ് ജീവനക്കാർ തമ്മിൽ വാക്പോരിനപ്പുറം കൈയാങ്കളിയിലേക്കും സംഘർഷമെത്തുന്നത് സ്റ്റാൻഡിലെ പതിവ് കാഴ്ചയായിരിക്കയാണ്. കഴിഞ്ഞ ദിവസം കൂരാച്ചുണ്ട്-കോഴിക്കോട് റൂട്ടിലോടുന്ന രണ്ടു സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു.
ജീവനക്കാർ തമ്മിൽ വെല്ലുവിളിയും നടന്നു. ഇതിന്റെ തുടർച്ചയായി വിഷുനാളിൽ നരയംകുളത്ത് ലെജന്റ് ബസിലെ കണ്ടക്ടറായ ജിഷ്ണുവിനെ (26) ഇതേ റൂട്ടിലോടുന്ന മറ്റൊരു ബസിലെ ഡ്രൈവർ മുഖത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച സംഭവമുണ്ടായി. കണ്ണിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ജിഷ്ണു മൊടക്കല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുത്തിയ ഡ്രൈവർ ഒളിവിലാണ്. സംഭവത്തിൽ കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ പൊലീസോ മോട്ടോർ വാഹന വകുപ്പോ തയാറാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ പൊലീസ് പട്രോളിങ് കർശനമാക്കാത്തത് സ്വകാര്യബസുകൾക്ക് തോന്നിയപോലെ പ്രവർത്തിക്കാനും വഴിയൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.