പട്ടിക ജാതിക്കാരനായ പാരമ്പര്യ കർമിയെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി
text_fieldsബാലുശ്ശേരി: കിനാലൂർ ഓടക്കാളി ഭഗവതി ക്ഷേത്രത്തിലെ പട്ടിക ജാതിക്കാരനായ പാരമ്പര്യ കർമിയെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. ഓടക്കാളി ക്ഷേത്രാചാരപ്രകാരം കർമം ചെയ്യാൻ അവകാശമുള്ള പാണർ സമുദായത്തിലെ പുത്തലത്ത് തറവാട്ടിലെ ദാമോദരൻ വാക്കയെയാണ് ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ മാറ്റിനിർത്തുന്നതായി പരാതി ഉയർന്നത്.
നൂറ്റാണ്ടുകൾക്കുമുമ്പേ ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾ ചെയ്തു വരുന്നത് ഓടക്കാളിക്കാവിനോട് ചേർന്നുള്ള വാളന്നൂർ ചേരിക്കുന്നിൽ താമസിച്ചിരുന്ന വാളന്നൂർ വാക്കയും കുടുംബവുമാണ്. കുടുംബത്തിലെ ഇപ്പോഴത്തെ കർമി ദാമോദരൻ വാക്ക പനങ്ങാട് പുത്തലത്ത് തറവാട്ടിൽ നിന്നും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഓടക്കാളിക്കാവിൽ ഗുരുതിതർപ്പണത്തിനും മറ്റു കർമങ്ങൾക്കുമായി എത്തുകയാണ് പതിവ്.
നിലവിൽ ഓടക്കാളിക്കാവിലെ കോയിമ്മ സ്ഥാനത്തുള്ളയാളും മറ്റു അനുയായികളും ചേർന്ന് കർമികളായ വാക്കമാരെയും കുടുംബാംഗങ്ങളെയും ജാതീയമായി അവഹേളിക്കുകയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നതായും പ്രധാന കർമി ദാമോദരൻ വാക്ക വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്കു വേണ്ടിയുള്ള വഴിപാടുകൾ കർമിപോലും അറിയാതെ കോയിമ്മയുടെ നിർദേശപ്രകാരം നടത്തിവരുകയാണ്.
ക്ഷേത്ര വരുമാനം വർധിച്ചതോടെയും ജാതീയമായ വിവേചനവും കൊണ്ടാണ് പാരമ്പര്യ കർമികളായ വാക്ക കുടുംബത്തെ ക്ഷേത്രത്തിൽ നിന്നും അകറ്റിനിർത്താൻ ശ്രമിക്കുന്നതെന്ന് വാക്ക കുടുംബാംഗമായ പുത്തലത്ത് കുഞ്ഞിക്കേളു, പട്ടികജാതി ക്ഷേമസമിതി ഏരിയ പ്രസിഡൻറ് എം. ബാലകൃഷ്ണൻ എന്നിവർ ആരോപിച്ചു. ഓടക്കാളി ക്ഷേത്ര വാക്കക്കും പരികർമിക്കുമെതിരെ കോയ്മയുടെ നേതൃത്വത്തിൽ കോടതിയിൽ ഇൻജങ്ഷനും ഫയൽ ചെയ്തിരിക്കുകയാണ്. ഭക്തരായ നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.