കാന്തലാട് മലയിൽ കുടിവെള്ളവിതരണ പൈപ്പ് ലൈൻ ഉഷ സ്കൂൾ തടഞ്ഞതായി പരാതി
text_fieldsബാലുശ്ശേരി: കിനാലൂർ കാന്തലാട് മലയിലെ കുടുംബങ്ങൾക്കുള്ള കുടിവെള്ളവിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഉഷ സ്കൂൾ അധികൃതർ ഇടപെട്ട് തടഞ്ഞതായി പരാതി. പനങ്ങാട് പഞ്ചായത്ത് ആറാം വാർഡിൽപെട്ട കുന്തലാട് മലയിലെ 18ഓളം കുടുംബങ്ങൾക്ക് ജൽജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ കുടിവെള്ളം ലഭ്യമാക്കാൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഉഷ സ്കൂൾ അധികൃതർ ഇടപെട്ട് തടഞ്ഞതായാണ് പ്രദേശവാസികളുടെ ആരോപണം. ഡൽഹിയിലുള്ള പി.ടി. ഉഷ എം.പി കോഴിക്കോട് ജില്ല കലക്ടറുമായി ബന്ധപ്പെട്ടാണ് പ്രവൃത്തി തടഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ പൈപ്പിടൽ പ്രവൃത്തി വെള്ളിയാഴ്ച ഉച്ചയോടെയാണ് കലക്ടറുടെ നിർദേശത്തെ തുടർന്ന് ബാലുശ്ശേരി പൊലീസെത്തി നിർത്തിവെക്കാൻ നിർദേശിച്ചത്. ഉഷ സ്കൂളും കെ.എസ്.ഐ.ഡി.സിയും പനങ്ങാട് പഞ്ചായത്തും സംയുക്തമായി ചർച്ചചെയ്ത് എടുക്കുന്ന തീരുമാനത്തിനുശേഷം പ്രവൃത്തി തുടങ്ങിയാൽ മതിയെന്ന് കലക്ടർ നിർദേശിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
ഉഷ സ്കൂളിന് സർക്കാർ പാട്ടത്തിന് നൽകിയ 30 ഏക്കർ ഭൂമിയിൽപെട്ട സ്ഥലമാണിതെന്നും ഇവിടെ മറ്റു നിർമാണപ്രവൃത്തികൾ അനുവദിക്കില്ലെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്.
എന്നാൽ, 2008ൽ സ്കൂൾ വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് കാന്തലാട് മലയിലെ കുടുംബങ്ങൾ പോക്കുവരവിനായി ഉപയോഗിച്ച റോഡാണിതെന്നും ഗ്രാമപഞ്ചായത്ത് അധികാരത്തിൽപെട്ടതാണെന്നുമാണ് നാട്ടുകാരുടെ വാദം.
2014ൽ റോഡിൽ പ്രദേശവാസികൾ മണ്ണുമാന്തി ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തിയതിനെതിരെ ഉഷ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അഞ്ചോളം പ്രദേശവാസികളുടെ പേരിൽ പൊലീസ് കേസെടുത്തിരുന്നു.
പേരാമ്പ്ര കോടതിയിൽ നടന്ന കേസിൽ, റോഡ് പഞ്ചായത്തിന്റെ അധീനതയിലാണെന്നായിരുന്നു വിധി. വിധി അനുകൂലമായതോടെ ഇത്തവണ ഗ്രാമപഞ്ചായത്ത് റോഡ് നവീകരണത്തിന് 13 ലക്ഷം രൂപ വകയിരുത്തുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
അനധികൃത നിർമാണം തടയണമെന്ന് പി.ടി. ഉഷ
ബാലുശ്ശേരി: മാനേജ്മെന്റിന്റെ അനുവാദമില്ലാതെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ അനധികൃത നിർമാണ പ്രവൃത്തികൾ നടത്തുകയാണെന്നും അതിക്രമിച്ചുകടന്നുള്ള പ്രവൃത്തികൾ തടയാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി പി.ടി. ഉഷ എം.പി പറഞ്ഞു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കിനാലൂരിൽ 30 ഏക്കർ ഭൂമി 30 വർഷത്തേക്ക് ഉഷ സ്കൂളിന് പാട്ടത്തിന് നൽകിയത്. ഇവിടെ ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സും സിന്തറ്റിക് ട്രാക്കും ജിംനേഷ്യവും കായികപരിശീലന വിദ്യാർഥികൾക്കായി ഹോസ്റ്റലും പ്രവർത്തിക്കുന്നുണ്ട്.
സ്കൂൾ അടച്ചുപൂട്ടിക്കാൻ നേരത്തേതന്നെ ചിലർ ശ്രമിക്കുന്നുണ്ടെന്നും താൻ എം.പി ആയതോടെ ഇത് വർധിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു. സ്കൂളിന് ചുറ്റുമതിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടില്ല. ആർക്കും എപ്പോഴും കയറിയിറങ്ങിപ്പോകാനുള്ള സാഹചര്യമാണുള്ളത്.
പെൺകുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. പഞ്ചായത്തും ജില്ല ഭരണകൂടങ്ങളുമായി നിരവധിതവണ ചർച്ച ചെയ്തെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.