തലയാട് പുല്ലുമലയിൽ കടുവ സാന്നിധ്യമെന്ന് ആശങ്ക
text_fieldsബാലുശ്ശേരി: കടുവയുടെ സാന്നിധ്യം നിരീക്ഷിക്കാനായി സ്ഥാപിച്ച കാമറ വനം വകുപ്പ് എടുത്തു മാറ്റി. തലയാട് ചേമ്പുകര പുല്ലുമലയിലെ റബർ തോട്ടത്തിൽ പ്രദേശവാസിയായ അധ്യാപകൻ ജോസിൽ പി.ജോൺ കടുവയെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിലായിരുന്നു കാമറ സ്ഥാപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടോടെ കുരങ്ങന്മാരെ ഓടിക്കാൻ റബർ തോട്ടത്തിലേക്കിറങ്ങിയ ജോസിൽ പി. ജോൺ റബർ തോട്ടത്തിലെ പയർ വള്ളിക്കിടയിൽ പതുങ്ങി നിൽക്കുന്ന കടുവയെ കണ്ടെന്നായിരുന്നു അറിയിച്ചത്. വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് കടുവയുടേതെന്ന് സംശയിക്കുന്ന കൽപാടുകൾ കണ്ടെത്തുകയുമുണ്ടായി.
അന്നു തന്നെ റബർ തോട്ടത്തിൽ നിരീക്ഷണത്തിനായി കാമറയും സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ വനം വകുപ്പ് ആർ.ആർ.ടി എത്തി കാമറ എടുത്തു മാറ്റിയിരുന്നു. കാമറ പരിശോധിച്ചതിൽ ഒരു കാട്ടുപന്നിയുടെ ചിത്രം മാത്രമാണ് പതിഞ്ഞത്.
പുല്ലു മല കടന്ന് ചീടിക്കുഴി ചുരത്തോട് പക്ഷിക്കുന്ന് വഴി കക്കയം വനത്തിലേക്കും തുടർന്നു വയനാട് ഭാഗത്തെ പടിഞ്ഞാറത്തറ വനഭാഗത്തേക്കും എത്തിപ്പെടാവുന്ന സഞ്ചാരപഥമുണ്ട്. കക്കയം ഡാം സൈറ്റിനടുത്തെ ശങ്കരൻപുഴ വനപ്രദേശവും വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ്.
കടുവയാണെങ്കിൽ കക്കയം വനത്തിലേക്കു കടന്നതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും.
വീടുകളിൽ ലൈറ്റിട്ട് ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.