ആദിവാസി കോളനിയിലെ ലൈഫ് വീട് നിർമാണം പാതിവഴിയിൽ നിലച്ചു; മൂന്നു കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsബാലുശ്ശേരി (കോഴിക്കോട്): വയലട കോട്ടക്കുന്ന് ആദിവാസി കോളനിയിലെ വീടു നിർമാണം പാതിവഴിയിൽ നിലച്ചതോടെ മൂന്നു കുടുംബങ്ങൾ ദുരിതത്തിൽ. പനങ്ങാട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷം മുമ്പ് തുടങ്ങിയതാണ് മൂന്നു വീടുകളുടെ പണി. ഓരോ വീട്ടിനും ആറ് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. നാലു ലക്ഷം വീതം ഓരോ വീടിനും ഇതിനകം ചെലവാക്കി.
ജനലുകളും വാതിലുകളും സ്ഥാപിച്ചിട്ടില്ല. ചുമരും കോൺക്രീറ്റും മാത്രമാണ് പൂർത്തിയായത്. വൈദ്യുതി കണക്ഷനുണ്ടെങ്കിലും വയറിങ് നടത്തിയിട്ടില്ല. അടച്ചുറപ്പില്ലാത്ത വീട്ടിൽ മൂന്നു കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടക്കം 17 ഓളം അംഗങ്ങൾ താമസിക്കുന്നുണ്ട്. വാതിലും ജനലും ഓലചീന്തുകൊണ്ട് താൽക്കാലികമായി മറച്ചിരിക്കയാണ്.
ശുചിമുറി പോലും ഇവിടെ ഇല്ല. കുടിവെളളം ലഭിക്കണമെങ്കിലും ഏറെ കഷ്ടപ്പെടണം. നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസം കൊണ്ടാണ് വീട് നിർമാണം നിലച്ചതെന്ന് വീട് നിർമാണ കമ്മിറ്റി അംഗം പറഞ്ഞു. സാധന സാമഗ്രികൾ എത്തിക്കാൻ മാത്രം നല്ല തുക ചെലവാക്കേണ്ടിവരും.
വീട് നിർമാണത്തിന് അനുവദിച്ച തുകയേക്കാൾ അധികം വരുമെന്നതിനാൽ കൂടിയാണ് നിർമാണ പ്രവൃത്തി സ്തംഭിച്ചതെന്നും കമ്മിറ്റി അംഗം പറഞ്ഞു. കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡും പാതി വഴിയിൽ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ പ്രളയകാലത്ത് റോഡ് ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.
കോളനിക്കാർക്ക് തലയാട് അങ്ങാടിയുമായി ബന്ധപ്പെടണമെങ്കിൽ ഏഴു കിലോമീറ്ററോളം നടക്കണം. മഴക്കാലം വരുന്നതോടെ കോളനിക്കാരുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും. അതിനു മുമ്പെങ്കിലും അടച്ചുറപ്പുള്ള വീട് ഒരുക്കിത്തരണമെന്നാണ് കോളനിയിലെ തലമുതിർന്ന ദമ്പതികളായ ചെമ്പനും കുട്ടി ചെങ്ങയും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.