ജില്ല ശാസ്ത്രോത്സവം: നൂതന ആശയങ്ങൾ കുറവ്; ഏറെയും പഴകിയ ആശയങ്ങളും അവതരണങ്ങളും
text_fieldsബാലുശ്ശേരി: രണ്ടു വർഷത്തെ കോവിഡ് ഇടവേളക്കുശേഷം വന്ന റവന്യൂ ജില്ല ശാസ്ത്രോത്സവത്തിൽ ഏറെയും പഴകിയ ആശയങ്ങളും അവതരണങ്ങളും. ശാസ്ത്രമേളയിൽ പുതിയ ആശയങ്ങൾ വേണ്ടത്ര ഉണ്ടായില്ലെന്ന് വിധികർത്താക്കളും അഭിപ്രായപ്പെട്ടു.
ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ച സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ വിഭാഗത്തിൽ ഏറെയും വളരെക്കാലമായി ശാസ്ത്രമേളകളിൽ കണ്ടുമടുത്ത ഇനങ്ങളായിരുന്നു. എന്നാൽ, കാലികപ്രസക്തിയോടെ ചില നൂതന ആശയങ്ങൾ അവതരിപ്പിച്ച് പ്രതിഭ തെളിയിക്കുന്ന അവതരണങ്ങളും ഉണ്ടായിട്ടുണ്ട്.
ഏറെ ചർച്ചാവിഷയമായ കെ-റെയിൽ സ്ഥലപ്രശ്നത്തിന് പരിഹാരമായി നടുവണ്ണൂർ ഗവ. ജി.എച്ച്.എസ്.എസിലെ എസ്. ശിശിരും അരവിന്ദ് ബി. മനോഹറും ഹൈസ്കൂൾ വിഭാഗത്തിൽ പ്രദർശിപ്പിച്ച ട്രാൻസിറ്റ് എലിവേറ്റഡ് ബസിന്റെ നിശ്ചല മാതൃക ശ്രദ്ധേയമായിരുന്നു. നിലവിലെ റോഡിന്റെ മുകളിലൂടെ ബസുകൾ ഓടിക്കാം എന്നായിരുന്നു ഇവർ കാണിച്ചത്.
ചൈനയിൽ 2010ൽ അവതരിപ്പിക്കപ്പെട്ട ആശയമായിരുന്നു ട്രാൻസിറ്റ് എലിവേറ്റഡ് ബസ് പ്രോജക്ടിന്റെ പ്രചോദനം. മനുഷ്യനെ വഹിച്ചുകൊണ്ടുപോകാൻ കഴിയുന്ന ഡ്രോണിന്റെ മാതൃക അവതരിപ്പിച്ച ചേവായൂർ പ്രസന്റേഷൻ എച്ച്.എസ്.എസിലെ പി. ശ്രീലക്ഷ്മിയുടെ ഡ്രോൺ ഏറെ കൗതുകമുണർത്തുന്നതായി.
മലയോര മേഖലയിലെ കാട്ടുപന്നിശല്യത്തിന് പരിഹാരമായി നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥികളായ പി.എസ്. ഹരിദേവും വിനായക് ഗിരീഷും അവതരിപ്പിച്ച അൾട്രാസോണിക് ക്രോപ് പ്രൊട്ടക്ഷൻ യന്ത്രം ഏറെ ശ്രദ്ധേയമായിരുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ കീർത്തന ശശിയും ശിവാനിയും അവതരിപ്പിച്ച പരിസ്ഥിതിസൗഹൃദ നൈലോൺ നിർമാണത്തിന്റെ പുതിയ സാങ്കേതികവിദ്യ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ബെൻസീനിനു പകരം ഡി ഗ്ലൂക്കോസ് ഉപയോഗിച്ച് നൈലോൺ ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് ഇവർ അവതരിപ്പിച്ചത്.
വ്യായാമത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ആൾട്ടർനേറ്റർ അവതരിപ്പിച്ച കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ മെൽവിൻ മാത്യു ജേക്കബും അഫിനും വർക്കിങ് മോഡൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
തിരുവള്ളൂർ എസ്.എൻ.എച്ച്.എസിലെ സുഹൈലും ബായിസ് ഇസ്മായിലും നിർമിച്ച പ്രളയത്തിൽ തകരാത്ത വീടിന്റെ മാതൃകയും റോഡപകടങ്ങൾ കുറക്കാനായി വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ ടി. ദേവനന്ദും അക്ഷയും ഒരുക്കിയ റോഡ് സുരക്ഷ സിസ്റ്റത്തിന്റെ വർക്കിങ് മോഡലും അന്തരീക്ഷ മലിനീകരണം കുറക്കാനായി പേരാമ്പ്ര എച്ച്.എസ്.എസിലെ സാനിയ സുനിലും പി. ഉണ്ണിമായയും അവതരിപ്പിച്ച സ്മോക് ഫ്രീ മാതൃകയും നൂതന ആശയ വിഭാഗത്തിൽ ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.