കക്കയം ഡാമിൽ ബോട്ടുയാത്രക്കിടെ സഞ്ചാരികൾക്കു മുന്നിൽ കടുവ
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റിൽ കടുവയും കക്കയം മല ഭാഗത്ത് റോഡിൽ ജനവാസ മേഖലയിൽ കാട്ടുപോത്തുകളുമിറങ്ങി. കക്കയം ഡാം സൈറ്റ് റിസർവോയറിലൂടെയുള്ള ഹൈഡൽ ടൂറിസം ബോട്ടു യാത്രക്കിടെയാണ് വിനോദ സഞ്ചാരികൾ കഴിഞ്ഞ ദിവസം കടുവയെ കണ്ടത്. ഡാമിൽ വെള്ളത്തിലൂടെ നീന്തി വന്ന കടുവ കരകയറി കാട്ടിലേക്കു പോകുന്ന ദൃശ്യമാണ് ബോട്ട് യാത്രക്കാർ കണ്ടത്.
സഞ്ചാരികൾ ഇതിന്റെ വിഡിയോ എടുക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. കക്കയം ഡാം സൈറ്റ് ഭാഗത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ ജീവനക്കാർ പറഞ്ഞിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പ് ഡാമിൽ ബോട്ട് യാത്രക്കിടെ സഞ്ചാരികൾ പുലിയെയും കണ്ടിരുന്നു. ഡാമിലെ റിസർവോയർ കരഭാഗത്തുള്ള വനത്തിൽ ആനയും കാട്ടുപോത്തും മാനും യഥേഷ്ടമുണ്ട്. ഡാം സൈറ്റ് റോഡിൽ ഏഴാം പാലത്തിനടുത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിൻ കൂട്ടവും കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. സ്കറിയാ മണ്ണനാൽ, രാമചന്ദ്രൻ കുന്നുംപുറത്ത്, സജി കൊച്ചുപുരക്കൽ, ജോൺസൺ എന്നിവരുടെ വീടിന്റെ പരിസരത്ത് പുലർച്ചവരെ കാട്ടുപോത്തുകൾ മേഞ്ഞതായി വീട്ടുകാർ പറഞ്ഞു.
കഴിഞ്ഞ മേയ് മാസം പാലാട്ടിയിൽ അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നതിന് ശേഷം ജനവാസ മേഖലയിൽ ഫെൻസിങ് നിർമാണം നടത്തുമെന്ന് ജില്ല കലക്ടർ ഉറപ്പ് നൽകിയിരുെന്നങ്കിലും ഫെൻസിങ് നിർമാണം ഇതുവരെ നടന്നിട്ടില്ല. കലക്ടർ നൽകിയ ഉറപ്പ് പാലിക്കണമെന്ന് കക്കയം വാലി റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജോൺസൺ കക്കയം, സജി കൊച്ചുപുരക്കൽ, ജോർജ് കോയിക്ക, കുന്നേൽ ബെന്നി കുറുമുട്ടത്ത്, ആന്റണി, വേമ്പുവിള, ബിജു പൂവത്തിങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.