കക്കയം ഡാമിലെ ഇക്കോ ടൂറിസം സെന്റർ തുറന്നില്ല; ഇന്ന് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും
text_fieldsബാലുശ്ശേരി: കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് 110 ദിവസമായി അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി വെള്ളിയാഴ്ച തുറന്നു കൊടുക്കാൻ തീരുമാനിച്ചെങ്കിലും ദിവസങ്ങളായി അടച്ചിട്ടതിനെ തുടർന്നു ശുചീകരണ പ്രവർത്തനം നടത്തേണ്ടതിനാൽ ഇന്നലെ തുറന്നു പ്രവർത്തിച്ചില്ല.
ടിക്കറ്റ് കൗണ്ടറും ഓഫിസ് പരിസരവും ഉരക്കുഴി ഭാഗത്തേക്കുള്ള വഴിയും ഇന്നലെ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റു ഇക്കോ ടൂറിസം ജീവനക്കാരും ചേർന്നു ശുചിയാക്കി. ഇതുകാരണം സഞ്ചാരികളെ ഇന്നലെ ഇക്കോടൂറിസം മേഖലയിലേക്ക് പ്രവേശിപ്പിച്ചിട്ടില്ല. നേരത്തെ 40 രൂപയാണ് ഇക്കോ ടൂറിസം മേഖലയിലേക്കു പ്രവേശനഫീസായി വാങ്ങിയിരുന്നത്. 10 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇക്കോ ടൂറിസത്തിനു കീഴിൽ വനിത ജീവനക്കാരടക്കം 16ഓളം പേർ ദിവസക്കൂലിയിനത്തിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഉരക്കുഴി വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രം. വെള്ളച്ചാട്ടം സുരക്ഷിതമായി കാണാനായി ഇവിടെ തൂക്കുപാലം നിർമിച്ചിരുന്നെങ്കിലും അത് തുരുമ്പെടുത്തു നശിച്ചിട്ടുണ്ട്. പുതുക്കി നിർമിക്കാൻ വനം വകുപ്പ് ഇതുവരെ തയാറായിട്ടില്ല. സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ജനുവരി 20ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്നായിരുന്നു ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത്. മാർച്ച് അഞ്ചിന് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനായ അബ്രഹാം പാലാട്ടിയിൽ കൊല്ലപ്പെട്ടതോടെ അടച്ചുപൂട്ടൽ വീണ്ടും ദീർഘിപ്പിക്കുകയായിരുന്നു. ഇതോടെ താൽക്കാലിക ജീവനക്കാരും ദുരിതത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.