തെരഞ്ഞെടുപ്പ്: ബാലുശ്ശേരിയിൽ യു.ഡി.എഫ് ഗോദയിലിറങ്ങി
text_fieldsബാലുശ്ശേരി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന മാത്രമാണ് വന്നതെങ്കിലും ബാലുശ്ശേരിയിൽ യു.ഡി.എഫ് ഒരുമുഴം മുമ്പേ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. ടൗൺ വാർഡായ ഏഴിൽ കോൺഗ്രസ് സ്ഥാനാർഥി ഒരുവട്ടം ഗൃഹസന്ദർശനം നടത്തിക്കഴിഞ്ഞു. ഇത്തവണ പട്ടികജാതി സംവരണ വാർഡായ ഏഴിൽ കോൺഗ്രസിലെ ബി.കെ. ഹരീഷാണ് നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പ് പ്രചാരണത്തിനിറങ്ങിയത്. ഇതേ വാർഡിൽ ബി.ജെ.പിയും പ്രചാരണം തുടങ്ങി. യു.ഡി.എഫ് വാർഡ്തല യോഗങ്ങൾ നടന്നുവരുകയാണ്. ജനതാദൾ (ആർ.ജെ.ഡി) യു.ഡി.എഫിൽനിന്ന് വിട്ടുപോയതുകൊണ്ട് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിം ലീഗിനെ മാത്രം പരിഗണിച്ചാൽ മതി.
എൽ.ഡി.എഫ് മൂന്നാംവട്ട ഉഭയകക്ഷി ചർച്ചയും ഏതാണ്ട് പൂർത്തിയായി. മുന്നണിയിലേക്ക് ഇത്തവണ ചേക്കേറിയ എൽ.ജെ.ഡിക്ക് രണ്ടു സീറ്റ് വേണമെന്നാണ് ചർച്ചയിൽ ഉയർന്നിട്ടുള്ളത്. എൻ.സി.പിക്ക് നൽകിവരുന്ന മൂന്നു സീറ്റുകളിൽ ഒന്ന് വെട്ടിക്കുറച്ച് എൽ.ജെ.ഡിക്ക് നൽകാനാണ് ഏതാണ്ട് തീരുമാനം. മറ്റൊരു സീറ്റ് സി.പി.എം കൈവശമുള്ളത് നൽകും. എൻ.സി.പിയുടെ സിറ്റിങ് സീറ്റുകളായ 5, 16 വാർഡുകളിൽ എൻ.സി.പി ഇത്തവണയും മത്സരിക്കും. സി.പി.ഐ ഒരു സീറ്റിൽ മത്സരിക്കും. ബി.ജെ.പി സീറ്റ് ചർച്ചകൾ അണിയറയിൽ നടന്നുവരുകയാണ്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളായ എട്ട്, ഒമ്പത് വാർഡുകൾ ഇത്തവണ ജനറൽ വാർഡുകളായെങ്കിലും നിലവിലുള്ള വനിത മെംബർമാരെ തന്നെ വീണ്ടും ഗോദയിലിറക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.